ബ്രിട്ടീഷ് കൊളംബിയയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്കും വാടക കൂടുതല്‍ അഫോര്‍ഡബിളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന രണ്ട് പ്രോഗ്രാമുകളിലെ സബ്‌സിഡികള്‍ വര്‍ധിപ്പിക്കുന്നതായി അധികൃതര്‍ അറിയിച്ചു. റെന്റല്‍ അസിസ്റ്റന്‍സ് പ്രോഗ്രാം, ഷെല്‍ട്ടര്‍ എയ്ഡ് ഫോര്‍ എല്‍ഡേര്‍ലി റെന്റേഴ്‌സ്(SAFER) എന്നീ പ്രോഗ്രാമുകളിലെ സബ്‌സിഡികളാണ് ഈ മാസം മുതല്‍ വര്‍ധിക്കുന്നത്. റെന്റല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിന് കഴീലുള്ള ആവറേജ് ഫാമിലി സപ്ലിമെന്റ് പ്രതിമാസം 400 ഡോളര്‍ മുതല്‍ 700 ഡോളര്‍ വരെയാകുമെന്നും ഷെല്‍ട്ടര്‍ എയ്ഡ് ഫോര്‍ എല്‍ഡേര്‍ലി റെന്റേഴ്‌സ് പ്രോഗ്രാമിന് കീഴില്‍ അര്‍ഹതയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിമാസം ശരാശരി 145 ഡോളര്‍ കൂടി ലഭിക്കുമെന്നും പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ മുതിര്‍ന്നവര്‍ക്ക് ആകെ 337 ഡോളര്‍ ലഭ്യമാകും.
അതേസമയം, റെന്റല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിനുള്ള കുടുംബ വരുമാന യോഗ്യതാ പരിധി 40,000 ഡോളറില്‍ നിന്ന് 60,000 ഡോളറായി വര്‍ധിക്കും. സീനിയേഴ്‌സ് പ്രോഗ്രാമിനുള്ള യോഗ്യതാ പരിധി 37,240 ഡോളറില്‍ നിന്ന് 40,000 ഡോളറാണ്. റെന്റല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിന് അര്‍ഹതയുള്ള കുടുംബങ്ങളുടെ എണ്ണം ഏകദേശം 3200 ല്‍ നിന്നും ഏകദേശം 6,000 ആയി ഉയരുമെന്നാണ് പ്രവിശ്യ പറയുന്നത്. പ്രവിശ്യാ സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 1,600 മുതിര്‍ന്ന പൗരന്മാര്‍ക്ക് സീനിയേഴ്‌സ് പ്രോഗ്രാമിന് അര്‍ഹതയുണ്ട്.