വ്യാപാര യുദ്ധത്തിൽ അമേരിക്കയോട് അതേ നാണയത്തിൽ തിരിച്ചടിച്ച് ചൈന

By: 600110 On: Apr 5, 2025, 9:46 AM

 

അമേരിക്ക താരിഫ് ചുമത്തിയതിന് പിന്നാലെ തിരിച്ചടിച്ച് ചൈന. അമേരിക്കയിൽ നിന്നുള്ള എല്ലാ ഉല്പ്പന്നങ്ങൾക്കും 34 ശതമാനം തീരുവയാണ് ചുമത്തിയത്. ഏപ്രിൽ 10 മുതൽ ഇത് പ്രാബല്യത്തിൽ വരും. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം 34 ശതമാനം പകരം തീരുവയായിരുന്നു ചൈനീസ് ഉല്പ്പന്നങ്ങൾക്ക് മേൽ ചുമത്തിയത്. ഇതേ തുടർന്നാണ് ചൈന അതേ നാണയത്തിൽ തിരിച്ചടിച്ചത്. 

കമ്പ്യൂട്ടർ ചിപ്പുകൾ, ഇലക്ട്രിക് വാഹന ബാറ്ററികൾ തുടങ്ങിയ ഹൈടെക് ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന അപൂർവ  ധാതുക്കൾക്ക് കൂടുതൽ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ബീജിംഗിലെ വാണിജ്യ മന്ത്രാലയം അറിയിച്ചു.  ചൈനയിൽ നിരോധിച്ചിരിക്കുന്ന മരുന്നായ ഫ്യൂറസോളിഡോൺ കണ്ടെത്തിയതിനെത്തുടർന്ന് ചില യുഎസ് വിതരണക്കാരിൽ നിന്നുള്ള ചിക്കൻ ഇറക്കുമതി താൽക്കാലികമായി നിർത്തിവച്ചതായി ചൈനീസ് കസ്റ്റംസ് ഭരണകൂടം വ്യക്തമാക്കി.  വ്യാപാര ഉപരോധങ്ങൾക്കോ ​​കയറ്റുമതി നിയന്ത്രണങ്ങൾക്കോ ​​വിധേയമായ കമ്പനികളുടെ പട്ടികയിൽ 27 അമേരിക്കൻ സ്ഥാപനങ്ങളെക്കൂടി ചേർത്തതായും ചൈനീസ് സർക്കാർ അറിയിച്ചു 

താരിഫ് വിഷയത്തിൽ ലോക വ്യാപാര സംഘടനയിൽ കേസ് ഫയൽ ചെയ്തതായി ബീജിംഗ് അറിയിച്ചു. യു.എസിൻ്റെ നീക്കം അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾക്ക് യോജിച്ചതല്ല. WTO നിയമങ്ങളുടെ ലംഘനമാണ് യു.എസിൻ്റെ താരിഫ് ചുമത്തലെന്നും അതിനാൽ സംഘടന കൂടിയാലോചനകൾ നടത്തണമെന്നും ചൈന ആവശൃപ്പെട്ടു.  അംഗരാജ്യങ്ങളുടെ താത്പര്യങ്ങളെയും അവകാശങ്ങളെയും ദോഷകരമായി ബാധിക്കുന്ന ഏകപക്ഷീയമായ രീതിയാണ് ട്രംപിൻ്റേതെന്നു ചൈനീസ് ധനകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. .