ഓട്ടോ പാര്‍ട്‌സുകള്‍ക്ക് തീരുവ: കാനഡയില്‍ പുതിയതും ഉപയോഗിച്ചതുമായ കാറുകളുടെ വില ഉയരുമെന്ന് വിദഗ്ധര്‍ 

By: 600002 On: Apr 5, 2025, 9:17 AM

 


കനേഡിയന്‍ വാഹന ഇറക്കുമതിക്ക് യുഎസ് തീരുവ ചുമത്തിയതിന് പിന്നാലെ പുതിയതും ഉപയോഗിച്ചതുമായ വാഹനങ്ങളുടെ വില വര്‍ധിക്കുന്നതായി വിദഗ്ധര്‍. ഉപയോഗിച്ച വാഹനങ്ങളുടെ വാങ്ങലുകളില്‍ പുതിയ വാഹനത്തേക്കാള്‍ മികച്ച ഡീല്‍ ഉപയോക്താക്കള്‍ പ്രതീക്ഷിക്കുന്നതിനാല്‍ ഉപയോഗിച്ച വാഹനങ്ങളുടെ വില കുത്തനെ വര്‍ധിക്കുന്നതായി യൂസ്ഡ്-കാര്‍ മാര്‍ക്കറ്റ്‌പ്ലെയ്‌സായ ഓട്ടോസെന്റെ(Autozen)  സിഇഒ ഷോണ്‍ മക്റ്റാവിഷ് പറയുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. പിന്നാലെ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ക്ക് കാനഡ 25 ശതമാനം പ്രതികാര താരിഫ് പ്രഖ്യാപിച്ചിരുന്നു.  

താരിഫ് മൂലമുള്ള അനിശ്ചിതത്വവും ഉയര്‍ന്ന വിലയും കാരണം ഉപയോക്താക്കള്‍ ഉപയോഗിച്ച കാറുകള്‍ വാങ്ങുന്നത് കൂടുതല്‍ പരിഗണിക്കാനോ പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് വൈകിപ്പിക്കാനോ സാധ്യതയുണ്ടെന്ന് മക്റ്റാവിഷ് പറയുന്നു.