സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പുതിയ തട്ടിപ്പിനെതിരെ മുന്നറയിപ്പുമായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസ്

By: 600110 On: Apr 4, 2025, 4:47 PM

 

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പുതിയ തട്ടിപ്പിനെതിരെ മുന്നറയിപ്പുമായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസ്. കാണാതായൊരു പോലീസ് ഉദ്യോഗസ്ഥയെക്കുറിച്ച്, ഓൺലൈനിൽ ഒരു പോസ്റ്റ് കണ്ട് ചില പൗരന്മാർ ബന്ധപ്പെട്ടതോടെയാണ് ഇത് പൊലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. കാറ്റി കന്നിംഗ്ഹാം എന്ന് പേരുള്ള ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ ഫോട്ടോയാണ് ഇത് കാണിക്കുന്നത്. അവരെ കണ്ടെത്താൻ അധികൃതർ സഹായം തേടുന്നു എന്നാണ് വ്യാജ പോസ്റ്റിലുള്ളത്. 

കാറ്റി കണ്ണിംഗ്ഹാം എന്നൊരു ഓഫീസർ യഥാർഥമായി ഉണ്ടെന്ന് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു. എന്നാൽ അവരെ കാണാതെ പോയിട്ടില്ലെന്നും മൊണ്ടാനയിൽ ജോലി ചെയ്യുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ഇത്തരം തട്ടിപ്പ് അടുത്തിടെ യുഎസിലാണ് ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം ഓൺലൈൻ പോസ്റ്റുകൾ കണ്ണടച്ച് വിശ്വസിക്കരുതെന്ന് പൊലീസ് പറയുന്നു. ഒരു ലോക്കൽ പൊലീസ് ഉദ്യോഗസ്ഥയെ കാണാതായാൽ ലോക്കൽ പൊലീസ് തന്നെ ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമായിരുന്നു എന്നും പൊലീസ് അറിയിച്ചു. അതിനാൽ ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.