കാല്‍ഗറി സ്‌റ്റോണി ട്രെയിലില്‍ വാഹനാപകടം; മധ്യവയസ്‌ക മരിച്ചു; ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍ 

By: 600002 On: Apr 4, 2025, 12:19 PM


കാല്‍ഗറി സ്‌റ്റോണി ട്രെയിലില്‍ മധ്യവയസ്‌ക മരിക്കാനുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വംശജനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി കാല്‍ഗറിയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുണ്ടായ വാഹനാപകടത്തില്‍ 50 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. രാത്രി 12 മണിയോടെ നോര്‍ത്ത്‌വെസ്റ്റ് സ്‌റ്റോണി ട്രയലിന്റെ നോസ് ഹില്‍ ഡ്രൈവ് ഓവര്‍പാസിന് കീഴിലാണ് അപകടം നടന്നത്. സംഭവത്തില്‍ അപകടത്തിന് കാരണമായ റാം ട്രക്ക് ഡ്രൈവറായ ഇന്ത്യന്‍ വംശജന്‍ ഗഗന്‍പ്രീത് സിംഗിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ മരണത്തിന് കാരണമായ അശ്രദ്ധമായ വാഹനമോടിക്കല്‍ എന്ന് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും. 

സ്ത്രീ ഓടിച്ചിരുന്ന 2019 മോഡല്‍ ടോയോട്ട കൊറോളയെ ഗഗന്‍പ്രീത് ഓടിച്ചിരുന സെമി ട്രക്ക് ആന്‍ഡ് ട്രെയിലര്‍ കോമ്പിനേഷന്‍ വാഹനം ഇടിച്ചതായി പോലീസ് പറഞ്ഞു. കാറില്‍ ഇടിച്ച സെമി ട്രക്ക് നിര്‍ത്താതെ പോവുകയായിരുന്നു. സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന് ശേഷം നടത്തിയ തിരച്ചിലില്‍ ബുധനാഴ്ച റോക്കി വ്യൂ കൗണ്ടിയില്‍ പോലീസ് സെമി ട്രക്ക് കണ്ടെത്തി. ഇടിച്ച് നിര്‍ത്താതെ പോയ വാഹനമാണിതെന്ന് സ്ഥിരീകരിക്കുകയും തുടര്‍ന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.