എഡ്മണ്ടനിൽ തൊഴിൽ നിക്ഷേപക തട്ടിപ്പിന് ഇരയായ നിരവധി പേർക്ക് ആയിരക്കണക്കിന് ഡോളർ നഷ്ടപ്പെട്ടതായി പോലീസ്

By: 600110 On: Apr 4, 2025, 10:52 AM

 

എഡ്മണ്ടനിൽ നിരവധി പേർ അന്താരാഷ്ട്ര തൊഴിൽ നിക്ഷേപക തട്ടിപ്പിന് ഇരയായതായി റിപ്പോർട്ട്. പ്രദേശത്തെ നിരവധി പേർക്ക്  ആയിരക്കണക്കിന് ഡോളർ നഷ്ടപ്പെട്ടതായി പോലീസ് പറയുന്നു. തട്ടിപ്പിന് കൂടുതൽ പേർ  ഇരയായിട്ടുണ്ടെന്നും  അധികൃതർ വിശ്വസിക്കുന്നു.

2021 ഓഗസ്റ്റിനും 2022 മെയ് മാസത്തിനുമിടയിൽ  തട്ടിപ്പിന് ഇരയായ നിരവധി പേർക്ക് 84,000 ഡോളറിലധികം നഷ്ടം ഉണ്ടായതായി എഡ്മണ്ടൺ പോലീസ് സ്ഥിരീകരിച്ചു. കാനഡയിലുടനീളം 600ലധികം പേർ തട്ടിപ്പിന് ഇരയായി. ഇതിൻ്റെ ഫലമായി 1.2 മില്യൺ ഡോളറിലധികം നഷ്ടമുണ്ടായതായും പോലീസ് കരുതുന്നു. ബ്രിട്ടീഷ് കൊളംബിയയിൽ നിന്നാണ് വ്യാജ തൊഴിൽ തട്ടിപ്പ് സംഘം  പ്രവർത്തിച്ചിരുന്നത്. എന്നാൽ ചൈനയിൽ നിന്നുള്ള ഒരു സംഘടിത കുറ്റകൃത്യ സംഘമാണ് ഇത് ആസൂത്രണം ചെയ്തതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. യു.കെ യിലെയും ചൈനയിലെയും ധനകാര്യ, ഷെൽ കമ്പനികളിലെ മനുഷ്യക്കടത്തുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ലഭിച്ചിട്ടുണ്ടെന്ന്  എഡ്മണ്ടൺ പോലീസ്  വാർത്താക്കുറിപ്പിൽ പറഞ്ഞു. ആമസോൺ ഓർഡറുകൾ പൂർത്തിയാക്കൽ എന്ന പേരിൽ വിദൂര ജോലിയും ഒപ്പം നിക്ഷേപ അവസരവും വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയയിലൂടെയാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. ഇങ്ങനെ ഇവരുടെ ചതിയിൽപ്പെടുന്നവർ ഷെയർഗെയിൻ എന്ന ഇൻ്റർനെറ്റ് പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്യുകയും ഫണ്ട് നിക്ഷേപിക്കുകയും തുടർന്ന് പ്രതിദിനം ഡസൻ കണക്കിന് ജോലികൾ പ്രോസസ്സ് ചെയ്യുകയും ചെയ്യണമായിരുന്നു. ഈ രീതിയിലാണ് ഇവർ തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറയുന്നു