ആൽബെർട്ടയിലെ നഴ്‌സുമാർക്ക്  20 ശതമാനം ശമ്പള വർദ്ധന ഉറപ്പാക്കുന്ന കരാറിൽ ഒപ്പു വെച്ചു

By: 600110 On: Apr 4, 2025, 10:22 AM

 

ആൽബെർട്ടയിലെ നഴ്‌സുമാർക്ക്  20 ശതമാനം ശമ്പള വർദ്ധനവ് നൽകുന്ന കരാറിൽ ഒപ്പു വെച്ചു.  നാല് വർഷത്തെ കരാറിൽ ആണ് ഒപ്പുവെച്ചത്. മാസങ്ങൾ നീണ്ട ചർച്ചകൾക്കും മധ്യസ്ഥതയ്ക്കും ശേഷമാണ് യുണൈറ്റഡ് നഴ്‌സസ് ഓഫ് ആൽബെർട്ട  പ്രവിശ്യ ഭരണകൂടവുമായി  കരാറിൽ ഒപ്പുവച്ചത്.  പുതിയ കരാർ പ്രകാരം 2028 ആകുമ്പോഴേക്കും 30,000-ത്തിലധികം ആൽബർട്ട നഴ്‌സുമാർക്ക് ഏകദേശം 20 ശതമാനം ശമ്പള വർദ്ധനവ് ലഭിക്കും. കൂടാതെ പ്രീമിയം ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും ഗണ്യമായ വർദ്ധനവ് ഉണ്ടാകും.  

പുതിയ കരാറോടെ ഏതൊരു കനേഡിയൻ പ്രവിശ്യയിലുള്ളതിനേക്കാൾ ഉയർന്ന ശമ്പളം ലഭിക്കുന്ന നഴ്‌സുമാരായി ആൽബർട്ടയിലെ നഴ്സുമാർ മാറുമെന്ന് യുഎൻഎ പറഞ്ഞു.  2024 മാർച്ച് 31 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് കരാർ. 2028 ഏപ്രിൽ 1 ന് കരാർ കാലാവധി അവസാനിക്കും. ആൽബെർട്ടയിലെ ആരോഗ്യ പരിപാലന സംവിധാനം പരിഷ്കരിക്കുന്നതിനനുസരിച്ച്, ജീവനക്കാരുടെ തൊഴിൽ സുരക്ഷ അടക്കമുള്ള കാര്യങ്ങളും കരാറിൽ ഉൾപ്പെടുന്നുണ്ടെന്ന് യൂണിയൻ പറയുന്നു. പുതിയ കരാറോടെ നഴ്‌സുമാർക്ക് ജോലി ചെയ്യാൻ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി ആൽബെർട്ട മാറിയതായി ആൽബെർട്ടയിലെ ധനകാര്യ മന്ത്രി നേറ്റ് ഹോർണർ പറഞ്ഞു. ആൽബർട്ടയിലെ നഴ്സുമാർക്ക് അവരർഹിക്കുന്ന അംഗീകാരവും ബഹുമാനവും ലഭ്യമാക്കുന്നതിനുള്ള അർത്ഥവത്തായ ചുവടുവയ്പാണ് പുതിയ കരാറെന്ന് യുഎൻഎ പ്രസിഡൻ്റ് ഹീതർ സ്മിത്ത് പറഞ്ഞു