വ്യാജ ആമസോണ്‍ തൊഴില്‍ നിക്ഷേപ തട്ടിപ്പ്: കാനഡയില്‍ ഇരകള്‍ക്ക് 1.2 മില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടു;  പിന്നില്‍ ചൈനീസ് തട്ടിപ്പ് സംഘമെന്ന് പോലീസ് 

By: 600002 On: Apr 4, 2025, 10:04 AM

 


ആമസോണ്‍ തൊഴില്‍ തട്ടിപ്പ് മൂലം കാനഡയിലുടനീളമുള്ള നൂറുകണക്കിന് ആളുകള്‍ക്ക് ഒരു മില്യണ്‍ ഡോളറിലധികം
നഷ്ടമായതായി റിപ്പോര്‍ട്ട്. എഡ്മന്റണില്‍ നിരവധി പേര്‍ക്ക് തട്ടിപ്പ് വഴി പണം നഷ്ടമായതായി എഡ്മന്റണ്‍ പോലീസ് സര്‍വീസ് പറഞ്ഞു. അന്താരാഷ്ട്ര സംഘടിത കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തുമായി ബന്ധമുള്ള തട്ടിപ്പ് സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. എഡ്മന്റണ്‍ പോലീസ് സര്‍വീസ് ഇലക്ട്രോണിക് റെസ്‌പോണ്‍സ് ടീം 2022 ല്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. വ്യാജ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമിലേക്ക് ആക്‌സസ് ചെയ്യുന്നത് ഉള്‍പ്പെടുന്ന ഒരു ടാസ്‌ക് ബേസ്ഡ് എംപ്ലോയ്‌മെന്റ് തട്ടിപ്പിനിരയായ ആളുകളില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചതായി അന്വേഷകര്‍ പറഞ്ഞു. 

'വര്‍ക്ക് ഫ്രം ഹോം'  ജോലികളാണ് തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്യുന്നത്. ജോബ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യൂണിറ്റി എന്നത് സംബന്ധിച്ച് തട്ടിപ്പുകാര്‍ സോഷ്യല്‍മീഡിയയിലൂടെ ഇരകളെ ബന്ധപ്പെടുകയാണ് ചെയ്യുന്നത്. ആമസോണ്‍ ഓര്‍ഡറുകള്‍ പൂര്‍ത്തീകരിക്കുക എന്ന വ്യാജ പോസ്റ്റിലൂടെ ഓര്‍ഡറിന്റെ വലുപ്പത്തിനനുസരിച്ച് പണം നിക്ഷേപിക്കാനും ഉറപ്പായ നിക്ഷേപ വരുമാനം നേടുന്നതിന് പ്രതിദിനം 20 മുതല്‍ 40 ടാസ്‌കുകള്‍ വരെ ചെയ്യാനും തട്ടിപ്പുകാര്‍ ഇരകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പോലീസ് പറഞ്ഞു. 

ചൈനയില്‍ നിന്നുള്ള ഒരു സംഘടിത കുറ്റകൃത്യ സംഘം കാനഡയില്‍ തട്ടിപ്പ് ആസൂത്രണം ചെയ്യുകയും ബ്രിട്ടീഷ് കൊളംബിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ചൈനയിലെ ഫുജിയാനില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പേരാണ് തട്ടിപ്പിന് പിന്നില്‍ എന്നാണ് പറയുന്നത്. വാന്‍കുവറിലേക്ക് ഇവരെത്തി ഇവിടെ തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് അന്വേഷണസംഘം പറഞ്ഞു.