വസ്ത്രങ്ങൾ, കാറുകൾ മുതൽ മദ്യം വരെ; ട്രംപിൻ്റെ തീരുവ കാരണം അമേരിക്കക്കാർ കൂടുതൽ വില നൽകേണ്ടി വരിക ഇവയ്ക്ക്

By: 600007 On: Apr 3, 2025, 11:58 AM

 

ഇനി ഏത് രാജ്യം അമേരിക്കയിലേക്ക് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്താലും 10 ശതമാനം അടിസ്ഥാന തീരുവ അടയ്ക്കണം. ഇത് ഏപ്രിൽ 5 ന് പ്രാബല്യത്തിൽ വരും. ഇന്ത്യയ്ക്ക് 26 ശതമാനവും ചൈനയ്ക്ക് 34 ശതമാനവും താരിഫാണ് ട്രംപ്  പ്രഖ്യാപിച്ചത്. ഇന്ത്യയുടെ താരിഫുകൾ വളരം കഠിമായതെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മോദി പ്രിയപ്പട്ട സുഹൃത്താണ് എന്നാൽ നികുതിയുടെ കാര്യത്തിൽ ഇന്ത്യ അമേരിക്കയോട് കടുത്ത രീതിയിലാണ് പെരുമാറുന്നതെന്നും 52 ശതമാനം നികുതി ഈടാക്കുന്ന ഇന്ത്യക്ക് 26 ശതമാനം, അതായത് അതിൻ്റെ പകുതി മാത്രമാണ് അമേരിക്ക ഈടാക്കുന്നതെന്നും ട്രംപ് പറയുകയുണ്ടായി. കൂടാതെ, വ്യാഴാഴ്ച മുതൽ യുഎസിലേക്ക് വരുന്ന ഓട്ടോമൊബൈലുകൾക്ക് 25 ശതമാനം താരിഫ് പ്രാബല്യത്തിൽ വരും. ചില കാർ പാർട്സുകളുടെ താരിഫ് മേയിൽ കൂടുകയോ ചെയ്യും. 

 
 

അമേരിക്കക്കാർക്ക് വില കൂടിയേക്കാവുന്ന 5 വസ്തുക്കൾ

കാറുകൾ

കാറുകൾക്കും ഓട്ടോമൊബൈൽ പാർട്സുകൾക്കും  25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് മാത്രമല്ല, അമേരിക്കയിൽ നിർമ്മിക്കുന്ന കാറുകളുടെയും വില വർദ്ധിക്കും. കാരണം,   കഴിഞ്ഞ വർഷം യുഎസ് ഫാക്ടറികളിൽ നിർമ്മിച്ച 10.2 ദശലക്ഷം കാറുകളും ഇറക്കുമതി ചെയ്ത പാർട്സുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചത്. പ്രധാനമായും കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നും ഇറക്കുമതി ചെയ്ത പാർട്സുകളാണ് ഇവയിൽ ഉപയോ​ഗിച്ചത്.  ഓഡി, ബിഎംഡബ്ല്യു, ജാഗ്വാർ-ലാൻഡ് റോവർ, മെഴ്‌സിഡസ് ബെൻസ്, ജെനസിസ്, ലെക്‌സസ് എന്നിവ നിർമ്മിക്കുന്ന ആഡംബര കാറുകളുടെ വില ഇതോടെ ഉയരും. 

വസ്ത്രങ്ങളും ഷൂകളും

അമേരിക്കയിൽ വിൽക്കുന്ന വസ്ത്രങ്ങളുടെയും ഷൂകളുടെയും ഭൂരിഭാഗവും രാജ്യത്തിന് പുറത്താണ് നിർമ്മിക്കുന്നത്. യുഎസിലേക്ക് ഏറ്റവുമധികം വസ്ത്രങ്ങൾ എത്തിക്കുന്നത് ചൈന, വിയറ്റ്നാം, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ്. പരസ്പര താരിഫിൻ്റെ കാര്യം വരുമ്പോൾ മൂന്ന് രാജ്യങ്ങളും യഥാക്രമം 34 ശതമാനം, 46 ശതമാനം, 37 ശതമാനം എന്നിങ്ങനെ കനത്ത തീരുവ നൽകേണ്ടി വരും. ​ഇത് അമേരിക്കയിൽ വസ്ത്രങ്ങളുടെ വില ഉയർത്തും. 

മദ്യം, കാപ്പി

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാപ്പി ഇറക്കുമതിക്കാരാണ് അമേരിക്ക. അറബിക്ക, റോബസ്റ്റ കാപ്പികൾ അമേരിക്കയിൽ ഡിമാൻഡ് കൂടുതലാണ്. അധിക തീരുവ വരുന്നതോടുകൂടി ഇവയുടെ ഇറക്കുമതി ചെലവ് ഉയരുകയും വില വർദ്ധിക്കുകയും ചെയ്യും. ഇത് കൂടാതെ, യൂറോപ്യൻ യൂണിയനിൽ നിന്നുള്ള മദ്യത്തിന് 200 ശതമാനം തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ വരുമ്പോൾ സ്പാനിഷ് വൈൻ, ഫ്രഞ്ച് ഷാംപെയ്ൻ അല്ലെങ്കിൽ ജർമ്മൻ ബിയർ എന്നിവ ലഭിക്കാൻ അമേരിക്കക്കാർക്ക് കൂടുതൽ പണം നൽകേണ്ടി വരും. 

അവോക്കാഡോ

അമേരിക്കയിൽ അവക്കാഡോ കൂടുതാലായി ഉപയോ​ഗിക്കുന്നുണ്ട്. അമേരിക്കയിലേക്കുള്ള അവോക്കാഡോ വിതരണക്കാരിൽ ഒന്നാം സ്ഥാനത്താണ് മെക്സിക്കോ, യുഎസ് അവോക്കാഡോ ഇറക്കുമതിയുടെ 89 ശതമാനവും മെക്സിക്കോയിൽ നിന്നായിരുന്നു. മെക്സിക്കൻ പഴങ്ങൾക്കും പച്ചക്കറികൾക്കും മേലുള്ള തീരുവ അവോക്കാഡോകളുടെ വില വർദ്ധിപ്പിക്കുമെന്ന് യുഎസ് കൃഷി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഇന്ധന വില

കഴിഞ്ഞ വർഷം യുഎസിലേക്ക് ഇറക്കുമതി ചെയ്ത എണ്ണയുടെ 61% കാനഡയിൽ നിന്നാണെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെ ഏറ്റവും വലിയ അസംസ്കൃത എണ്ണ വിതരണക്കാരാണ് കാനഡ. 10% തീരുവ ഏർപ്പെടുത്തിയതോടെ വില കൂടിയേക്കും.