കാനഡയ്ക്ക് അലാസ്കയുടെ പിന്തുണ, സൌഹൃദത്തിൻ്റെ സാക്ഷ്യപത്രമായി പ്രമേയം അവതരിപ്പിച്ചു

By: 600110 On: Apr 3, 2025, 11:25 AM

 

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് 51 ആമത്തെ സംസ്ഥാനമാക്കി മാറ്റാൻ ആഗ്രഹിക്കുന്ന രാജ്യത്തിന് അമേരിക്കയുടെ 49-ാമത്തെ സംസ്ഥാനത്തിൻ്റെ  പിന്തുണ. യൂകോണുമായി അതിർത്തി പങ്കിടുകയും കാനഡയെ യു എസിൽ നിന്ന് വേർതിരിക്കുന്ന സംസ്ഥാനവുമായ അലാസ്കയാണ് കാനഡയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.  കാനഡയ്‌ക്കെതിരായ ഡോണൾഡ് ട്രംപിൻ്റെ വ്യാപാര യുദ്ധത്തെയും അധിനിവേശ ശ്രമത്തെയും സംസ്ഥാനം പിന്തുണയ്ക്കുന്നില്ലെന്ന് അലാസ്കയിലെ റിപ്പബ്ലിക്കൻ പ്രതിനിധി ചക്ക് കോപ്പ് പറയുന്നു. കാനഡയുടെ പരമാധികാരം സ്ഥിരീകരിക്കുകയും അലാസ്കയ്ക്കും കാനഡയ്ക്കും ഇടയിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള  ബന്ധത്തെ അംഗീകരിക്കുകയും ചെയ്യുന്ന ഒരു സംയുക്ത പ്രമേയം അദ്ദേഹം സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ചു.

 വ്യാപാര നിയന്ത്രണങ്ങള തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അപകടത്തിലായിരിക്കുന്ന  സമയത്ത്, സൌഹൃദത്തിൻ്റെ പുനഃസ്ഥാപനത്തിനും അനുരഞ്ജനത്തിനും വേണ്ടിയാണ് ഈ പ്രമേയം അവതരിപ്പിച്ചതെന്ന്  അലാസ്ക സെനറ്റ് റിസോഴ്‌സ് കമ്മിറ്റിക്ക് മുമ്പാകെ വെച്ച സാക്ഷ്യപത്രത്തിൽ കോപ്പ് പറഞ്ഞു.  ഒരുമിച്ച് ഇഴചേർന്ന ഒരു ചരിത്രമാണ് നമുക്കുള്ളത്. കാനഡ ഇല്ലാതെ അലാസ്കയെ നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല എന്നും കോപ്പ് പറയുന്നു. സഭ പാസ്സാക്കിയ പ്രമേയം സെനറ്റിലും അവതരിപ്പിക്കും. പ്രമേയത്തിൻ്റെ പകർപ്പ് യുഎസ് പ്രസിഡൻ്റ് ട്രംപിനും കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണിക്കും അയച്ചു കൊടുക്കുമെന്നും ചക്ക് കോപ്പ് അറിയിച്ചു