പകരം തീരുവ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്, കാനഡയ്ക്ക് വലിയ തോതിലുള്ള തീരുവകളില്ല

By: 600110 On: Apr 3, 2025, 10:27 AM

 

ലോകത്തെ 185 രാജ്യങ്ങൾക്ക് പകരം തീരുവ പ്രഖ്യാപിച്ച് അമേരിക്ക.  50 ശതമാനം മുതൽ 10 ശതമാനം വരെ പകരം തീരുവയാണു അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്.  പകരം തീരുവ പ്രഖ്യാപിച്ചതിലൂടെ യുഎസ് വീണ്ടും ലോകത്തിലെ മികച്ച സാമ്പത്തിക ശക്‌തിയായി ഉയരുമെന്ന് ട്രംപ് അറിയിച്ചു. എന്നാൽ കാനഡയ്ക്ക് വലിയ രീതിയിൽ ഉള്ള തീരുവ ചുമത്തിയിട്ടില്ല.   മുമ്പ് പ്രഖ്യാപിച്ചതിനേക്കാൾ കൂടുതൽ ലെവികൾ കാനഡയ്ക്ക് മേൽ ചുമത്തില്ലെന്ന്  വൈറ്റ് ഹൗസ് അറിയിച്ചു. എന്നാൽ  എല്ലാ വിദേശ നിർമ്മിത വാഹനങ്ങൾക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു.  ഇത് കനേഡിയൻ ഓട്ടോമൊബൈൽ മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

 കനേഡിയൻ നിർമ്മിത പാസഞ്ചർ വാഹനങ്ങൾക്ക് താരിഫ് നിരക്ക് ബാധകമാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. എന്നാൽ വാഹനത്തിൻ്റെ മുഴുവൻ മൂല്യത്തിനും ഇത് ബാധകമാകില്ല. പകരം വാഹനത്തിൻ്റെ അമേരിക്കയിൽ നിർമ്മിക്കാത്ത ഭാഗങ്ങളുടെ മൂല്യത്തിന് മാത്രമേ ഇത് ബാധകമാകൂ.  അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങൾക്കും 10 ശതമാനം കുറഞ്ഞ അടിസ്ഥാന താരിഫ് ഏർപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഈ അധിക അടിസ്ഥാന താരിഫ് നിരക്ക് കാനഡയ്ക്ക് ബാധകമാകില്ല. മുമ്പ് പ്രഖ്യാപിച്ച അതിർത്തിയുമായി ബന്ധപ്പെട്ട താരിഫുകൾ തുടർന്നും നിലനില്ക്കുന്നതിനാലാണ് ഇത്. വടക്കൻ അതിർത്തിയിലൂടെ യുഎസിലേക്ക് മയക്കുമരുന്നുകളും കുടിയേറ്റക്കാരും വരുന്നതിനെതിരെയുള്ള പ്രതികരണമായി ട്രംപ് കഴിഞ്ഞ മാസം കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തിയിരുന്നു. എന്നാൽ യുഎസ്-കാനഡ-മെക്സിക്കോ കരാറിൻ്റെ ഭാഗമായുള്ള ഉല്പ്പന്നങ്ങൾക്ക് ഇതിൽ ഇളവ് നല്കിയിരുന്നു. 

ട്രംപിൻ്റെ പുതിയ താരിഫ് പ്രഖ്യാപനങ്ങളെ തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി വച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി മന്ത്രിസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ട്രംപിൻ്റെ പ്രഖ്യാപനങ്ങൾ  അന്താരാഷ്ട്ര വ്യാപാര വ്യവസ്ഥയെ അടിസ്ഥാനപരമായി മാറ്റിമറിക്കുന്നതാണെന്ന് മാർക് കാർണി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വിലയിരുത്തി കാനഡയ്ക്ക് വലിയ രീതിയിൽ ഉള്ള തീരുവ ചുമത്താത്തതിനെക്കുറിച്ചും മാർക് കാർണി സംസാരിച്ചു. എന്നാൽ ഓട്ടോമൊബൈൽ മേഖലയിൽ  പ്രാബല്യത്തിൽ വരുന്ന താരിഫുകൾ  ആശങ്ക ഉയർത്തുന്നുണ്ടെന്നും മറ്റ് മേഖലകളിലും കൂടുതൽ താരിഫുകൾ വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.