ഇംഗ്ലണ്ടില്‍ നിന്നും കിഴക്കന്‍ കരീബിയനിലേക്ക് പുറപ്പെട്ട ആഢംബര കപ്പലിലെ 240ല്‍ അധികം യാത്രക്കാര്‍ക്ക് നോറോ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്. ഒരു മാസത്തോളമുള്ള ഉല്ലാസ യാത്രയ്ക്കായി മാര്‍ച്ച് 8 ന് ഇംഗ്ലണ്ടില്‍ നിന്നും പുറപ്പെട്ട കുനാര്‍ഡ് ലൈന്‍സിന്റെ ക്യൂന്‍ മേരി-2 എന്ന ആഢംബര കപ്പലിലെ യാത്രക്കാര്‍ക്കാണ് നോറോ വൈറസ് പിടിപ്പെട്ടത്. ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ യുഎസ് ഹെല്‍ത്ത് ഏജന്‍സി സെന്റര്‍(സിഡിസി) ആണ് യാത്രക്കാര്‍ക്ക് നോറോ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. 241 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി സിഡിസി അറിയിച്ചു. വൈറസ് ബാധിതരില്‍ 224 പേര്‍ യാത്രക്കാരും 17 പേര്‍ കപ്പല്‍ ജീവനക്കാരുമാണ്. രോഗബാധിതര്‍ കപ്പലില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്.
2,538 യാത്രക്കാരാണ് കപ്പലിലുള്ളത്. രോഗബാധിതരെ പ്രത്യേകം ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കപ്പലില്‍ പൂര്‍ണമായും ശുചിത്വ പ്രോട്ടോക്കോള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ നങ്കൂരമിട്ട ശേഷം മാര്‍ച്ച് 18 നാണ് യാത്രക്കാര്‍ക്ക് വൈറസ് പിടിപെട്ടതെന്ന് സിഡിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 6 ന് കപ്പല്‍ സൗത്താംപ്ടനിലെത്തുമെന്നാണ് പ്രതീക്ഷ.