മ്യാന്‍മര്‍ ഭൂകമ്പം: കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അഞ്ച് നാള്‍ കഴിഞ്ഞ  യുവാവിന് പുനര്‍ജന്മം 

By: 600002 On: Apr 3, 2025, 8:41 AM

 


ഭൂകമ്പം തകര്‍ത്തെറിഞ്ഞ മ്യാന്‍മറില്‍ കെട്ടിടാവശിഷ്ടങ്ങളില്‍ അഞ്ച് ദിവസം കഴിഞ്ഞ് 26കാരനായ യുവാവിനെ ജീവനോടെ പുറത്തെടുത്തു. തലസ്ഥാനമായ നെയ്പ്യീടോയിലെ തകര്‍ന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് യുവാവിനെ ജീവനോടെ കണ്ടെത്തിയത്. ഇയാളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. നൈങ് ലിന്‍ ടുണ്‍ എന്ന യുവാവിനെയാണ് ബുധനാഴ്ച പുലര്‍ച്ചെ മ്യാന്‍മര്‍-തുര്‍ക്കി സംയുക്ത സംഘം രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. 

എന്‍ഡോസ്‌കോപ്പിക് ക്യാമറല ഉപയോഗിച്ചുള്ള തിരച്ചിലില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൈങ് ലിന്‍ ടുണിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തുകയും ജീവനുണ്ടെന്ന് തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് വളരെ വേഗത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് യുവാവിെ പുറത്തെടുക്കാനായത്. യുവാവ് ജോലി ചെയ്തിരുന്ന ഹോട്ടല്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. 

മ്യാന്‍മറിനെ തകര്‍ത്ത ഭൂകമ്പത്തില്‍ മരണസംഖ്യ 3000 കടന്നതായാണ് റിപ്പോര്‍ട്ട്. 4,500 ലധികം പേര്‍ക്ക് പരുക്കേറ്റതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയ്ക്ക് സമീപമാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഭൂചലനത്തില്‍ വലിയ നാശനഷ്ടമാണുണ്ടായത്. ഭൂകമ്പം ജീവന്‍ അപഹരിക്കുക മാത്രമല്ല, ആഭ്യന്തരയുദ്ധം തുടരുന്നതിനിടയില്‍ രാജ്യത്ത് പട്ടിണിയും രോഗങ്ങളും പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയും വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് സന്നദ്ധ സംഘടനകളും ഐക്യാരാഷ്ട്ര സഭയും മുന്നറിയിപ്പ് നല്‍കുന്നു.