കാനഡയിൽ അവസരങ്ങൾ തേടുന്ന അമേരിക്കൻ ഡോക്ടർമാരുടെ എണ്ണം കൂടുന്നു

By: 600110 On: Apr 2, 2025, 3:48 PM

 

അമേരിക്കയിൽ ആരോഗ്യ പരിപാലന രംഗത്തെ  പിരിച്ചുവിടലുകൾ തുടരുമ്പോൾ ഡോക്ടർമാർ കൂടുതൽ അവസരം തേടി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നുവെന്ന് റിപ്പോർട്ട്.  കാനഡയിലേക്കാണ് കൂടുതൽ പേരും കൂടിയേറുന്നത്.  കാനഡയിൽ ഡോക്ടർമാരുടെ ക്ഷാമം വർദ്ധിച്ചുവരുന്നതിനാൽ, ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പ്രവിശ്യകളും ആരോഗ്യ സംരക്ഷണ ഏജൻസികളും. 

ഡോക്ടർമാരുടെ ക്ഷാമം നികത്താൻ കൂടുതൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് കനേഡിയൻ പ്രവിശ്യാ സർക്കാരുകളും  ആരോഗ്യ സംരക്ഷണ ഏജൻസികളും. കാനഡയിൽ മെഡിക്കൽ ലൈസൻസ് നേടുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായ physiciansapply.ca-യിൽ അക്കൗണ്ടുകൾ തുറക്കുന്ന യുഎസ് മെഡിക്കൽ ബിരുദധാരികളുടെ എണ്ണം കൂടുകയാണ്.  2024 ഒക്ടോബറിനും 2025 മാർച്ചിനും ഇടയിൽ ഒട്ടേറെപ്പേരാണ് ഇതിൽ അക്കൌണ്ട് തുറന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 583 ശതമാനത്തിൻ്റെ വർദ്ധനയാണ് ഉണ്ടായതെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് കാനഡ  പറയുന്നു. യുഎസ് മെഡിക്കൽ ബിരുദധാരികളിൽ നിന്ന്  സർവീസ് ഡെസ്കിലേക്കുള്ള അന്വേഷണങ്ങളിൽ നേരിയ വർധനവ് ഉണ്ടായതായും കാനഡയിലെ അധികൃതർ പറയുന്നു.  കഴിഞ്ഞ രണ്ട് മാസത്തിനിടെ, അമേരിക്കയിലെ പലയിടങ്ങളിൽ നിന്ന് റിക്രൂട്ടിംഗ് ഏജൻ്റുമാർക്ക് നിരവധി കോളുകൾ ലഭിക്കുന്നുണ്ട്.  2024 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളെ അപേക്ഷിച്ച് 33 ശതമാനം വർധനവാണ് ഇത് കാണിക്കുന്നത് എന്ന് എംസിസി വക്താവ്  പറഞ്ഞു