പാകിസ്ഥാനിലേക്ക് നിരോധിത ആണവ വസ്തുക്കളുടെ കള്ളക്കടത്ത് നടത്തിയെന്ന് ആരോപിച്ച് ബിസി സ്വദേശിയെ അറസ്റ്റ് ചെയ്ത് അമേരിക്ക

By: 600110 On: Apr 2, 2025, 3:25 PM

പാകിസ്ഥാനിലേക്ക് നിരോധിത ആണവ വസ്തുക്കളുടെ കള്ളക്കടത്ത് നടത്തിയെന്ന് ആരോപിച്ച് ബ്രിട്ടീഷ് കൊളംബിയ സ്വദേശിയെ അമേരിക്ക അറസ്റ്റ് ചെയ്തു. 67കാരനായ  മുഹമ്മദ് ജാവൈദ് അസീസ് എന്നയാളാണ് അറസ്റ്റിലായതായി യുഎസ് നീതിന്യായ വകുപ്പ്  അറിയിച്ചത്. ബ്രിട്ടീഷ് കൊളംബിയയിലെ സറേ സ്വദേശിയാണ് ഇയാൾ. മാർച്ച് 21 ന് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്.

ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന കയറ്റുമതി നിയന്ത്രിത വസ്തുക്കളാണ് ഇയാൾ പാകിസ്ഥാനിലേക്ക് കടത്തിയത്. ഇൻഡസ്ട്രിയൽ വർക് സ്റ്റേഷനുകൾ, തെർമൽ കണ്ടക്ടിവിറ്റി യൂണിറ്റ്, സെൻട്രിഫ്യൂഗൽ പമ്പ് തുടങ്ങിയവയാണ് ഇയാൾ കടത്തിയത്. ഇയാൾക്കെതിരെയുള്ള ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല. കാനഡയുടെയും പാകിസ്ഥാൻ്റെയും ഇരട്ട പൌരത്വമുള്ള ആളാണ് മുഹമ്മദ് ജാവൈദ്. കൂടുതൽ അന്വേഷണത്തിനായി ഇയാളെ അടുത്ത ദിവസം തന്നെ മിനസോട്ടയിലേക്ക് കൊണ്ടു പോകും. 1998ലാണ് പാകിസ്ഥാൻ ആണവ പരീക്ഷണം നടത്തിയത്. ഇതേ തുടർന്ന് പാകിസ്ഥാനിലേക്ക് ഇത്തരം ഉല്പ്പന്നങ്ങൾക്ക് കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിരുന്നു.