വിവാദ പരാമർശങ്ങൾ നടത്തിയ നേതാവിനെ സ്ഥാനാർഥി പട്ടികയിൽ നിന്ന് മാറ്റി കൺസർവേറ്റീവ് പാർട്ടി

By: 600110 On: Apr 2, 2025, 2:58 PM

 

വിവാദ പരാമർശങ്ങൾ നടത്തിയ മാർക് മക്കെൻസിയെ സ്ഥാനാർഥി പട്ടികയിൽ നിന്ന് മാറ്റി കൺസർവേറ്റീവ് പാർട്ടി. പരസ്യമായി തൂക്കിലേറ്റുന്നതിനെ പിന്തുണച്ച് സംസാരിക്കുകയും മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് വധശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണ് മാർക് മക്കെൻസിയെ സ്ഥാനാർഥി പട്ടികയിൽ നിന്ന് മാറ്റിയത്. ഒൻ്റാരിയോയിലെ വിൻ്റ്സറിൽ സിറ്റി കൌൺസിലംഗം കൂടിയാണ് മാർക് മക്കെൻസി

ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും മക്കെൻസി കൺസർവേറ്റീവ് സ്ഥാനാർത്ഥിയാകില്ലെന്നും  പാർട്ടി വക്താവ് അറിയിച്ചു. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഫ്രീഡം കോൺവോയ് പ്രതിഷേധത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന ഒരു കോമഡി പോഡ്‌കാസ്റ്റിൽ പങ്കെടുത്തപ്പോഴാണ്  മക്കെൻസി ഈ പരാമർശങ്ങൾ നടത്തിയത്. പരസ്യമായി തൂക്കിലേറ്റുന്നതിനെ താൻ അനുകൂലിക്കുന്നുവെന്നും വൈദ്യുതക്കസേര തിരികെ കൊണ്ടുവരണമെന്നും മക്കെൻസി പറഞ്ഞിരുന്നു.ഇതിന് പുറമെ അന്ന് പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോയെ പോൾ ബെർണാർഡോ, ചാൾസ് മാൻസൺ, ജെഫ്രി ഡാമർ തുടങ്ങിയ കുപ്രസിദ്ധ കൊലയാളികളുമായി താരതമ്യപ്പെടുത്തി പറഞ്ഞതും വിവാദമായിരുന്നു. എതിർ സ്ഥാനാർഥിയായ ജോ ടെയ്ക്കെതിരെ ലിബറൽ പാർട്ടി സ്ഥാനാർഥിയായ പോൾ ചിയാങ് അടുത്തിടെ നടത്തിയ പരാമർശവും വിവാദത്തിൽപ്പെട്ടിരുന്നു. ഇതിന് ചിയാങ് മാപ്പ് പറയുകയും ചെയ്തു. എന്നാൽ ചിയാങ്ങിനെ സ്ഥാനാർഥി പട്ടികയിൽ നിന്ന് മാറ്റാൻ ലിബറൽ പാർട്ടി തയ്യാറായില്ല. ഇതിനിടെയാണ് വിവാദ പരാമർശം നടത്തിയ തങ്ങളുടെ നേതാവിനെ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥി പട്ടികയിൽ നിന്ന് നീക്കിയത്.