ഈ വര്‍ഷത്തെ ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടിക ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തിറക്കി. ആഗോളതലത്തില്‍ 3,028 ശതകോടീശ്വരന്മാരാണുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 247 പേര്‍ കൂടുതല്‍. ഇവരുടെ സമ്പത്ത് ആകെ 16.1 ട്രില്യണ്‍ യുഎസ് ഡോളറാണ്. 2024 നെ അപേക്ഷിച്ച് രണ്ട് ട്രില്യണ്‍ യുഎസ് ഡോളറിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയില്‍ 902 ശതകോടീശ്വരന്മാരുണ്ട്. തൊട്ടുപിന്നില്‍ 516(ഹോങ്കോങ്) ശതകോടീശ്വരന്മാരുമായി ചൈനയാണ് ഇടം നേടിയിരിക്കുന്നത്.
കാനഡയിലെ ഏറ്റവും ധനികരായ നിരവധി പേര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും ശതകോടീശ്വരന്മാരുടെ എണ്ണം രാജ്യത്ത് കുറയുകയാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 67 ശതകോടീശ്വരന്മാരാണ് കാനഡയില്‍ നിന്നുണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം അത് 47 ആയി കുറഞ്ഞു. പട്ടികയില്‍ ഉള്‍പ്പെടാത്ത ശതകോടീശ്വരന്‍ ചാങ്‌പെങ് ഷാവോ ആണെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം, ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സ് എന്നറിയപ്പെടുന്നതിന്റെ സ്ഥാപകനും മുന്‍ സിഇഒയുമായ അദ്ദേഹം 33 ബില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ 50-ാം സ്ഥാനത്തെത്തി. ഇപ്പോള്‍ ഇരട്ട പൗരത്വമുള്ള ഷാവോ ഈ വര്‍ഷം യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പൗരനായി പട്ടികയിലുണ്ട്. ഡേവിഡ് തോംസണ്‍, ജിം പാറ്റിസണ്‍, ടോബി ലുട്ട്‌കെ, ചിപ് വില്‍സണ്‍, അലൈന്‍ ബൗച്ചാര്‍ഡ് തുടങ്ങിയവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന കാനഡയിലെ ശതകോടീശ്വരന്മാര്‍.
ആഗോളതലത്തില്‍ ഇലോണ്‍ മസ്‌ക് ആദ്യ സ്ഥാനത്ത് തുടരുകയാണ്. മസ്‌കിന് പിന്നാലെ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ജെഫ് ബെസോസ്, ലാറി എലിസണ്‍, ബെര്‍ണാള്‍ഡ് അര്‍നോള്‍ട്ട് തുടങ്ങിയവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍.