ഏപ്രില്‍ 1 മുതല്‍ കാനഡയില്‍ ഫെഡറല്‍ മിനിമം വേതന വര്‍ധന നിലവില്‍ വന്നു. കൂടാതെ നാല് പ്രവിശ്യകളിലെ മിനിമം വേതന വര്‍ധനയും പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. പണപ്പെരുപ്പത്തെ ചെറുക്കുന്നതിനും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടുന്നതിനും തൊഴിലാളികളെ മിനിമം വേതന വര്‍ധന സഹായിക്കും. കാനഡയിലെ മിനിമം വേതനം 45 സെന്റ് വര്‍ധിച്ച് 17.30 ഡോളറില്‍ നിന്നും 17.75 ഡോളറായി ഉയരും. ഫെഡറല്‍ വേതന വര്‍ധനയ്‌ക്കൊപ്പം നോവ സ്‌കോഷ്യ, ന്യൂഫിന്‍ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍, ന്യൂബ്രണ്‍സ്‌വിക്ക്, യുക്കോണ്‍ എന്നീ പ്രവിശ്യകളാണ് മിനിമം വേതനം വര്‍ധിപ്പിക്കുന്നത്.
മിക്ക പ്രവിശ്യകളും മിനിമം വേതനം ഈ വര്‍ഷം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഈ ദശകത്തില്‍ മിനിമം വേതനം വര്‍ധിപ്പിക്കാത്ത കാനഡയിലെ ഏക പ്രവിശ്യ ആല്‍ബെര്‍ട്ടയാണ്. 2025ല്‍ ആല്‍ബെര്‍ട്ട സര്‍ക്കാര്‍ മിനിമം വേതനം വര്‍ധിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല. 2018 ഒക്ടോബര്‍ മുതല്‍ പ്രവിശ്യയുടെ വേതന നിരക്ക് മണിക്കൂറിന് 15 ഡോളറാണ്. ഒരു കാലത്ത് കാനഡയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ ഏറ്റവും താഴ്ന്ന നിരക്കുള്ള സസ്‌ക്കാച്ചെവനൊപ്പമാണ് ആല്‍ബെര്‍ട്ടയിലെ ഈ നിരക്ക്. 2019 ജൂണില്‍ ആല്‍ബെര്‍ട്ടയില്‍ കുറഞ്ഞ വേതനം റിപ്പോര്‍ട്ട് ചെയ്തു. അന്ന് പ്രവിശ്യ 18 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മണിക്കൂറിന് 15 ഡോളറില്‍ നിന്ന് 13 ഡോളറായി കുറച്ചു. ഓവര്‍ടൈം ജോലിക്കും സ്‌കൂള്‍ പ്രവേശനത്തിനും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം, പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിനായി ഫെബ്രുവരിയില്‍ ഈ വര്‍ഷം ജൂണ്‍ 1ന് ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാര്‍ 2.6 ശതമാനം വേതന വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പൊതുമിനിമം വേതനം മണിക്കൂറിന് 17.40 ഡോളറില്‍ നിന്ന് 17.85 ഡോളറായി ഉയരും. ഒന്റാരിയോയില്‍ സര്‍ക്കാര്‍ ഒക്ടോബര്‍ 1 മുതല്‍ മിനിമം വേതന വര്‍ധന പ്രഖ്യാപിച്ചു. മണിക്കൂറിന് മിനിമം വേതനം 17.20 ഡോളറില്‍ നിന്ന് 17.60 ഡോളറായി വര്‍ധിക്കും.