കാനഡയിലെ എംപിമാര്‍ക്ക് ഏപ്രില്‍ 1 മുതല്‍ ശമ്പളം വര്‍ധനവ് നിലവില്‍ വന്നു. രാജ്യവ്യാപകമായി 338 എംപിമാര്‍ക്ക് ചൊവ്വാഴ്ച ശമ്പള വര്‍ധനവ് ലഭിക്കും. എംപിമാര്‍ ശരാശരി പ്രതിവര്‍ഷം 203,100 ഡോളര്‍ സമ്പാദിക്കുന്നുണ്ടെന്ന് സസ്‌ക്കാച്ചെവന്‍ ആസ്ഥാനമായ അഭിഭാഷക ഗ്രൂപ്പായ കനേഡിയന്‍ ടാക്‌സ് ഫെഡറേഷന്‍(സിടിഎപ്) പറയുന്നു. എന്നാല്‍ ഏപ്രില്‍ 1 മുതല്‍ എംപിമാര്‍ക്ക് 209,800 ഡോളര്‍ ശമ്പളം ലഭിക്കുമെന്ന് ഹൗസ് ഓഫ് കോമണ്‍സ് പ്രസിദ്ധീകരിച്ച അംഗങ്ങളുടെ അലവന്‍സുകളും സേവനങ്ങളും സംബന്ധിച്ച മാനുവലില്‍ പറയുന്നു. ഈ വര്‍ഷം എംപിമാര്‍ക്ക് 6,700 ഡോളര്‍ കൂടി വര്‍ധിക്കും.
പാര്‍ലമെന്റ് ഓഫ് കാനഡ ആക്ടിലെ വ്യവസ്ഥകള്‍(സെക്ഷന്‍ 55.1, സെക്ഷന്‍ 67.1) എംപിമാരുടെ അലവന്‍സും ശമ്പളവും വാര്‍ഷികമായി ക്രമീകരിക്കണമെന്ന് ഹൗസ് ഓഫ് കോമണ്‍സില്‍ നിന്നുള്ള ഇമെയില്‍ പ്രസ്താവനയില്‍ പറയുന്നു. സെഷണല്‍ അലവന്‍സും അധിക ശമ്പളവും എല്ലാ വര്‍ഷവും ഏപ്രില്‍ 1ന് ക്രമീകരിക്കുന്നുവെന്ന് സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു. എംപിമാര്‍ക്ക് 3.2 ശതമാനം ശമ്പള വര്‍ധനവ് ഉണ്ടാകും.
അതേസമയം, എംപിമാരുടെ ശമ്പള വര്‍ധനയ്‌ക്കെതിരെ ഭൂരിഭാഗം കനേഡിയന്‍ പൗരന്മാരും എതിരാണ്. മിക്കവരും വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.