ഒരു കൊലപാതക കേസ് കിട്ടിയാല്‍ അത് എത്രയും പെട്ടെന്ന് അന്വേഷിച്ച് തീര്‍പ്പാക്കാനാകും പോലീസിന്‍റെ ആലോചന. സേനയുടെ അംഗബലത്തിലെ കുറവും കൂടിവരുന്ന കേസുകളും പോലീസിന് ചെറുതല്ലാത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍, അന്വേഷണം ആരംഭിച്ച് വെറും അഞ്ച് മണിക്കൂറിനുള്ളില്‍ ജർമ്മന്‍ പോലീസ് ഒരു കൊലപാതക കേസ് അന്വേഷണം അവസാനിപ്പിച്ചു. അസാധാരണമായ ആ കേസ് ഇങ്ങനെയായിരുന്നു.
കിഴക്കന്‍ ജർമ്മനിയിലെ റോസ്റ്റോക്ക്, നഗരത്തിന് സമീപത്തെ കാട്ടിലൂടെ നടക്കുകയായിരുന്ന ഒരു കാല്‍നട യാത്രക്കാരന്‍ പോലീസിനെ വിളിച്ച് ഒരു മനുഷ്യ ശരീരം കത്തുന്നതായി അറിയിച്ചതിന് പിന്നാലെയാണ് കേസ് ആരംഭിക്കുന്നത്. കേസിന്‍റെ പ്രധാന്യം കണക്കിലെടുത്ത് ജർമ്മന്‍ പോലീസ് എല്ലാ ആധുനീക സംവിധാനങ്ങളും കൊണ്ടാണ് കൊലപാതകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലത്ത് എത്തിയത്. പോലീസ്, ഡിറ്റക്റ്റീവ്, ഫോറന്‍സിക് വിദഗ്ദര്‍, പത്തോളജിസ്റ്റ് തുടങ്ങിയ വലിയൊരു സംഘം കേസന്വേഷണത്തിനായി സ്ഥലത്തെത്തി. ഒപ്പം ഡ്രോണുകളും 3D സ്കാനറുകളും അന്വേഷണത്തിന്‍റെ ഭാഗമായി എത്തിച്ചു.
പിന്നാലെ പ്രദേശം അടയാളപ്പെടുത്തി മാര്‍ക്ക് ചെയ്തു. തെളിവുകൾ നഷ്ടപ്പെടാതിരിക്കാന്‍ പ്രദേശം പ്രത്യേകം കെട്ടിത്തിരിച്ചു. ഇതോടെ പ്രദേശത്ത് വലിയൊരു സമ്മർദ്ദം അനുഭവപ്പെട്ട് തുടങ്ങി. കേസ് സങ്കീര്‍ണ്ണമാകുമോയെന്ന ആശങ്കയിലായിരുന്നു പോലീസ്. എല്ലാ സംവിധാനങ്ങളുമായി അന്വേഷണം ആരംഭിച്ച പോലീസ് അവസാനം 'മൃതദേഹ'ത്തെ സമീപിച്ചു. അതൊരു സ്ത്രീയുടെ മൃതദേഹമാണെന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചു. എന്നാല്‍, അടുത്തെത്തി മൃതദേഹം തൊട്ട് പരിശോധിച്ചപ്പോൾ മാത്രമാണ് അതൊരു മനുഷ്യ മൃതദേഹമല്ലെന്നും മറിച്ച് മനുഷ്യ ശരീരത്തിന് സമാനമായ പ്രത്യേകതകളോടെ പ്രത്യേകം നിര്‍മ്മിച്ച ഒരു സെക്സ് ഡോളാണെന്നും തിരിച്ചറിഞ്ഞത്.
നീല പ്ലാസ്റ്റിക് ബാഗിലെത്തിച്ച സെക്സ് ഡോൾ കാട്ടിലിട്ട് കത്തിക്കുകയായിരുന്നു. സംഗതി തിരിച്ചറിഞ്ഞതോടെ പോലീസ് കേസ് അവസാനിപ്പിച്ചെന്നും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ട് പോകാനായെത്തിയ സംഘത്തോട് പോലീസ് തിരികെ പോയിക്കോളാന്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം പ്രദേശവാസികളെ അസ്വസ്ഥരാക്കാനായി ആരോ മനപൂര്‍വ്വം ചെയ്ത പ്രവര്‍ത്തിയായിരിക്കാമതെന്നും അഭിപ്രായമുയര്‍ന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.