തിരഞ്ഞെടുക്കപ്പെട്ടാൽ ദേശീയ ഊർജ്ജ ഇടനാഴി യാഥാർഥ്യമാക്കുമെന്ന് കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ

By: 600110 On: Apr 1, 2025, 4:09 PM

 

തിരഞ്ഞെടുക്കപ്പെട്ടാൽ കാനഡയ്ക്കുള്ളിൽ ദേശീയ ഊർജ്ജ ഇടനാഴി യാഥാർഥ്യമാക്കുമെന്ന് കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ. പൈപ്പ്‌ലൈനുകൾ, റെയിൽവേകൾ, മറ്റ് അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയുടെ അംഗീകാരം ഉറപ്പാക്കുന്നതിന് കിഴക്ക്-പടിഞ്ഞാറ്  ദേശീയ ഊർജ്ജ ഇടനാഴി സൃഷ്ടിക്കുമെന്നാണ് പൊയിലീവ്രെ വ്യക്തമാക്കിയത്.

ഇടനാഴിയിലെ പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകൾക്ക് ഫെഡറൽ, പ്രവിശ്യ,തദ്ദേശ സ്വയംഭരണ സർക്കാരുകളുടെ മുൻകൂർ അനുമതി ലഭ്യമാക്കും. ഇത് പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ അംഗീകാരങ്ങൾ അനിശ്ചിതമായി നീളുന്നത് ഒഴിവാക്കുകയും കാലതാമസം ഇല്ലാതാക്കുകയും ചെയ്യും. ഇതിലൂടെ നിക്ഷേപകർക്ക് അവരുടെ പദ്ധതികളുമായി മുന്നോട്ട് പോകുന്നത്
എളുപ്പമാകും. തുടക്കം മുതൽ തന്നെ ഫസ്റ്റ് നേഷൻസ് ഇതിൽ പങ്കാളികളായിരിക്കുമെന്നും  ഓൺലൈനിൽ പങ്കു വെച്ച  വീഡിയോയിൽ പൊയ്‌ലിവ്രെ വാഗ്ദാനം ചെയ്തു .

പ്രവിശ്യകളോടൊപ്പം ചേർന്ന് ഫെഡറൽ സർക്കാർ വ്യാപാര സാമ്പത്തിക ഇടനാഴി  നടപ്പിലാക്കുമെന്ന് ലിബറൽ നേതാവും പ്രധാനമന്ത്രിയുമായ മാർക്ക് കാർണി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടു പിറകെയാണ് പൊയിലീവ്രെയുടെ പ്രഖ്യാപനം. വലിയ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ഒരൊറ്റ അംഗീകാര പ്രക്രിയ ഉൾപ്പെടുന്ന ഒരു ദേശീയ "വ്യാപാര, സാമ്പത്തിക ഇടനാഴി" സൃഷ്ടിക്കാൻ പ്രീമിയർമാരും ഒട്ടാവയും സമ്മതിച്ചതായും കാർണി  പറഞ്ഞിരുന്നു.