വെസ്റ്റ്‌ജെറ്റ് വിമാനം വൈകി; കാനഡയിലെത്തേണ്ട നൂറിലധികം യാത്രക്കാര്‍ മൂന്ന് ദിവസം മെക്‌സിക്കോയില്‍ കുടുങ്ങി 

By: 600002 On: Apr 1, 2025, 12:16 PM

 

 


വെസ്റ്റ്‌ജെറ്റ് വിമാനം വൈകിയതിനെ തുടര്‍ന്ന് കാനഡയിലെത്തേണ്ട നൂറിലധികം യാത്രികര്‍ മെക്‌സിക്കോയില്‍ മൂന്ന് ദിവസം കുടുങ്ങി. വിമാനം വൈകുന്നത് സംബന്ധിച്ചോ റദ്ദാക്കുന്നത് സംബന്ധിച്ചോ എയര്‍ലൈനില്‍ നിന്നും കൃത്യമായ അറിയിപ്പുകളൊന്നും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് യാത്രികര്‍ ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷം മായന്‍ റിവിയേരയിലെ കാന്‍കൂണിന് തെക്കുള്ള റിസോര്‍ട്ട് പട്ടണമായ ടുലൂമിലേക്ക് പ്രതിവാര വിമാന സര്‍വീസ് വെസ്റ്റ്‌ജെറ്റ് ആരംഭിച്ചിരുന്നു. ഇവിടെ നിന്നും ശനിയാഴ്ച പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകിയത്. 

സാങ്കേതിക തകരാര്‍, അതായത് വിമാനത്തിന്റെ വലത് വശത്ത് ഹൈഡ്രോളിക് പ്രശ്‌നമുണ്ടായതിനെ തുടര്‍ന്നാണ് വിമാനം വൈകുന്നതെന്നായിരുന്നു തങ്ങള്‍ക്ക് ലഭിച്ച അറിയിപ്പെന്ന് കാല്‍ഗറി സ്വദേശിയായ ബ്രൈസ് ഡ്രോഹന്‍ പറഞ്ഞു. എന്നാല്‍ വിമാനം 14 മണിക്കൂര്‍ വൈകി. തുടര്‍ന്ന് വിമാനം റദ്ദാക്കിയതായി അറിയിച്ചു. ആശങ്കയിലായ നൂറിലധികം യാത്രികരെ മൂന്ന് ബസുകളിലായി 80 കിലോമീറ്റര്‍ ദൂരെയുള്ള ബാഴ്‌സലോ റിസോര്‍ട്ട് കോംപ്ലക്‌സിലേക്ക് കൊണ്ടുപോയി. ഇരുന്നൂറോളം പേര്‍ ഉണ്ടായിരുന്നിട്ടും റിസോര്‍ട്ട് ജീവനക്കാര്‍ക്ക് യാത്രക്കാര്‍ക്കായി പരമാവധി സൗകര്യങ്ങള്‍ ഒരുക്കാനും സംതൃപ്തരാക്കാനും സാധിച്ചുവെന്ന് ഡ്രോഹന്‍ പറഞ്ഞു. 

ഞായറാഴ്ച വീണ്ടും തിരിച്ച് നാട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയില്‍ വിമാനത്താവളത്തിലെത്തി വിമാനത്തില്‍ കയറിയപ്പോള്‍ വീണ്ടും സാങ്കേതിക തകരാര്‍ ഉണ്ടെന്ന് അറിയിപ്പ് വന്നു. വീണ്ടും വിമാനത്തില്‍ നിന്നും ഇറങ്ങി റിസോര്‍ട്ടിലെത്തി. തിങ്കളാഴ്ച വീണ്ടും വിമാനത്തവാളത്തിലേക്ക് തിരിച്ചു. തുടര്‍ന്ന് തിങ്കളാഴ്ചയോടെയാണ് വിമാനം യാത്രക്കാരുമായി കാനഡയിലേക്ക് പറന്നത്. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും അവരുടെ സുരക്ഷയും ഒരുക്കുന്നതില്‍ വെസ്റ്റ് ജെറ്റിന് താല്‍പ്പര്യമില്ലെന്നും പണം മാത്രമാണ് അവര്‍ക്ക് മുഖ്യമെന്നുമാണ് താന്‍ ഈ സംഭവത്തിലൂടെ മനസ്സിലാക്കുന്നതെന്ന് ഡ്രോഹന്‍ പറഞ്ഞു. 

വെസ്റ്റ്‌ജെറ്റുമായി മത്സരിക്കുന്ന മറ്റ് എയര്‍ലൈനുകളില്‍ യാത്രക്കാര്‍ക്ക് റീബുക്ക് ചെയ്യാനാകാത്തതും പ്രതിസന്ധിയിലാക്കിയതായി മറ്റൊരു യാത്രക്കാരനായ ലുകാക്‌സ് പറഞ്ഞു. അതിനാലാണ് മൂന്ന് ദിവസം മെക്‌സിക്കോയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ കുടുങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. 

അതേസമയം, യാത്രികര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അറിയിച്ചുകൊണ്ട് വെസ്റ്റ്‌ജെറ്റ് തിങ്കളാഴ്ച വൈകിട്ട് പ്രസ്താവനയിറക്കി. ഷെഡ്യൂള്‍ ചെയ്യാത്ത അറ്റകുറ്റപ്പണികള്‍ കാരണമാണ് ഒന്നിലധികം റദ്ദാക്കലുകള്‍ ഉണ്ടായതെന്നും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വെസ്റ്റ്‌ജെറ്റ് അറിയിച്ചു.