അമേരിക്ക ഉയര്‍ത്തുന്ന താരിഫ് ഭീഷണി കാനഡയില്‍ നിരവധി തൊഴിലാളികള്‍ക്ക് വരും മാസങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കോണ്‍ഫറന്‍സ് ബോര്‍ഡ് ഓഫ് കാനഡയുടെ റിപ്പോര്‍ട്ട്. കാനഡയില്‍ രണ്ടാം പാദത്തില്‍ താരിഫുകള്‍ 160,000 പേര്‍ക്ക് തൊഴിലുകള്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താരിഫ് ഭീഷണി തൊഴിലില്ലായ്മ നിരക്ക് 7.3 ശതമാനമായി ഉയര്‍ത്തുമെന്നും ബോര്‍ഡ് പ്രവചിക്കുന്നു.
രണ്ടാം പാദം മുഴുവന്‍ താരിഫുകളും കനേഡിയന്‍ പ്രതിരോധ നടപടികളും നിലനില്‍ക്കുന്നുവെങ്കില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ സമ്പദ്‌വ്യവസ്ഥ 5.4 ശതമാനം കുറയുമെന്നും ഏകദേശം 160,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും ഗവേഷണ സംഘം പറഞ്ഞു. തൊഴില്‍ നഷ്ടത്തോടൊപ്പം കയറ്റുമതി മൂന്നിലൊന്നായി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വലിയ സാമ്പത്തിക ആഘാതത്തിനും കാനഡ സാക്ഷ്യം വഹിക്കേണ്ടി വരും. എന്നാല്‍ യുഎസ് രണ്ടാംഘട്ട താരിഫ് പ്രഖ്യാപിക്കുന്നതോടെ അമേരിക്കയുടെ വ്യാപാരശൃംഖല ചുരുങ്ങുകയും സമ്പദ്‌വ്യവസ്ഥയില്‍ പ്രതിസന്ധികള്‍ രൂപപ്പെടുകയും ചെയ്യുമെന്നും കോണ്‍ഫറന്‍സ് ബോര്‍ഡ് പ്രവചിക്കുന്നു.