ലോകത്തിനാകെ ആശങ്ക, ട്രംപാണേൽ രണ്ടുംകൽപ്പിച്ച് തന്നെ; യുഎസിന്‍റെ ആഗോള പരസ്പര തീരുവ പ്രഖ്യാപനം നാളെ

By: 600007 On: Apr 1, 2025, 8:41 AM

 

 

വാഷിംഗ്ടൺ: അമേരിക്കയുടെ ആഗോള പരസ്പര തീരുവ പ്രഖ്യാപനം നാളെ. ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കുമേലും
പരസ്പര ഇറക്കുമതി തീരുവ ചുമത്തുമെന്നും എന്താകുമെന്ന് കാണട്ടേയെന്നുമാണ് ട്രംപിന്‍റെ വെല്ലുവിളി. തീരുവ പ്രഖ്യാപന ദിനമായ നാളെ വിമോചന ദിനമാണെന്നും ട്രംപ് പറഞ്ഞു. നേരത്തെ പതിനഞ്ചോളം രാജ്യങ്ങള്‍ക്കുമേൽ
നികുതി ചുമത്തും എന്നായിരുന്നു കരുതിയിരുന്നത്.

 
"ഞങ്ങൾ എല്ലാ രാജ്യങ്ങൾക്കും തീരുവ ചുമത്തും, എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം'' - പ്രസിഡന്‍റ് ട്രംപ് പ്രസിഡൻഷ്യൽ വിമാനത്തിൽ വെച്ച് റിപ്പോർട്ടർമാരോട് പറഞ്ഞു. ഏപ്രിൽ രണ്ടിന് താൻ 'വിമോചന ദിനം' എന്ന് വിളിക്കുന്ന ദിവസം അടുക്കുമ്പോഴാണ് ട്രംപിന്‍റെ ഈ മുന്നറിയിപ്പ്. 10 അല്ലെങ്കിൽ 15 രാജ്യങ്ങൾക്ക് മാത്രം പരസ്പര തീരുവ ചുമത്തുമെന്ന കിംവദന്തികൾ ട്രംപ് നിഷേധിച്ചു. ഞങ്ങൾ എല്ലാ രാജ്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു, വെട്ടിച്ചുരുക്കലുകൾക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.