യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിൽ ജീവനക്കാരെ വെട്ടിക്കുറക്കുന്നു. സ്ഥാപനം ഇപ്പോൾ എലോൺ മസ്‌കിൻ്റെ ഗവൺമെൻ്റ് എഫിഷ്യൻസി വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. ട്രംപ് സർക്കാരിൽ ജീവനക്കാരെ കുറയ്ക്കുന്നതിൻ്റെ ഏറ്റവും പുതിയ നടപടിയായാണ് ഈ കൂട്ട പിരിച്ചുവിടൽ . ജീവനക്കാർക്ക് ഇത് സംബന്ധിച്ച് ഇമെയിൽ അറിയിപ്പുകൾ ലഭിച്ചു. മിക്ക ജീവനക്കാർക്കും സ്ഥാപനത്തിൻ്റെ സിസ്റ്റത്തിലേക്കുള്ള പ്രവേശനം നഷ്ടപ്പെട്ടിരിക്കുകയാണ്.
വ്യക്തിഗത അക്കൗണ്ടുകളിലേക്ക് അയച്ച ഇമെയിലിലാണ് പിരിച്ചു വിട്ടതായുള്ള അറിയിപ്പുള്ളത്. പ്രതികാര നടപടികളെ ഭയന്ന് പിരിച്ചുവിട്ടവരിൽ ഉൾപ്പെട്ട പലരും പേര് വെളിപ്പെടുത്തിയിട്ടില്ല. മാനവ വിഭവശേഷി വകുപ്പിലെ നിരവധി പേരും അമേരിക്കയിലേക്ക് മടങ്ങാൻ ശേഷിക്കുന്ന ഒരുപിടി വിദേശ ജീവനക്കാരും പിരിച്ചുവിടപ്പെട്ടവരിൽ ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ട്. ഏകദേശം 300 പേരാണ് സംഘടനയിൽ ഉള്ളത്. നിലവിൽ നിലനിർത്തപ്പെട്ട മറ്റുള്ളവർ റീജിയണൽ വൈസ് പ്രസിഡൻ്റുമാരാണ്. അവർ തങ്ങളുടെ പ്രദേശങ്ങളിലെ ജീവനക്കാരുമായി ചേർന്ന് യുഎസിലേക്ക് മടങ്ങും.
സംഘർഷങ്ങൾ തടയാനും പരിഹരിക്കാനും ശ്രമിക്കുന്ന യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിനെയും മറ്റ് മൂന്ന് ഏജൻസികളെയും അടച്ചുപൂട്ടാൻ ലക്ഷ്യമിട്ട് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ മാസം ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിട്ടിരുന്നു. പ്രസിഡൻ്റ് നാമനിർദ്ദേശം ചെയ്യുകയും സെനറ്റ് സ്ഥിരീകരിക്കുകയും ചെയ്ത ബോർഡ് അംഗങ്ങളെയും ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രസിഡൻ്റിനെയും പുറത്താക്കിയിരുന്നു.