മൂന്നാം തവണയും അമേരിക്കൻ പ്രസിഡൻ്റാകുമെന്ന് ഡോണൾഡ് ട്രംപ്. ട്രംപിൻ്റെ രണ്ടാമത്തെ കാലാവധി 2029നാണ് അവസാനിക്കുക. മൂന്നാമതും പ്രസിഡന്‍റായി തുടരുന്നതിനുള്ള ഭരണഘടനാ തടസ്സം ഒഴിവാക്കാനുള്ള മാര്‍ഗം തേടുമെന്നും ട്രംപ് പറഞ്ഞു. ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ ആയിരുന്നു ട്രംപിൻ്റെ അഭിപ്രായ പ്രകടനം.
മൂന്നാം തവണ പ്രസിഡൻ്റാകുമെന്നത് തമാശ പറയുകയല്ലെന്ന് ട്രംപ് പറഞ്ഞു. നിലവിലെ നിയമപ്രകാരം രണ്ട് തവണയാണ് ഒരാൾക്ക് പ്രസിഡൻ്റാകാൻ സാധിക്കുക. ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് തുടർച്ചയായി നാല് തവണ പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് 1951-ൽ ഭരണഘടന ഭേദഗതി വരുത്തിയത്. ഒരു വ്യക്തിയും രണ്ടുതവണയിൽ കൂടുതൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാൻ പാടില്ലെന്നാണ് 22ാം ഭേദഗതി നിര്‍ദേശിച്ചത്. ഈ ഭേദഗതിയില്‍ തിരുത്തല്‍ വരുത്തുമെന്നാണ് ട്രംപ് നൽകിയിരിക്കുന്ന സൂചന.
രണ്ടാം വട്ടവും അധികാരത്തിലെത്തിയ ട്രംപ് തൻ്റെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. യുഎസ് പ്രസിഡൻ്റ് സ്ഥാനത്തെത്തുന്നവര്‍ക്ക് നാല് വർഷം വീതം തുടര്‍ച്ചയായി രണ്ട് തവണ ഭരണത്തിലിരിക്കാന്‍ മാത്രമാണ് ഭരണഘടന അനുവാദം നല്‍കുന്നത്. 22ാം ഭേദഗതി അസാധുവാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ഇതിന് യുഎസ് ഹൗസിലും സെനറ്റിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷവും തുടര്‍ന്ന് 50 സംസ്ഥാനങ്ങളില്‍ 38 എണ്ണത്തിൻ്റെ അംഗീകാരവും ആവശ്യമാണ്.