എഡ്മന്റണിലെ സ്പീഡ്-ഓണ്‍-ഗ്രീന്‍ ഇന്റര്‍സെക്ഷന്‍ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കിയതായി അധികൃതര്‍ അറിയിച്ചു. പോലീസിന്റെയും ചില സിറ്റി കൗണ്‍സിലര്‍മാരുടെയും സുരക്ഷാമുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ക്യാമറകള്‍ ഓഫാക്കിയിരിക്കുന്നത്. ആല്‍ബെര്‍ട്ട യുസിപി സര്‍ക്കാര്‍ അംഗീകരിച്ച പുതിയ ഫോട്ടോ റഡാര്‍ നിയമം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായാണ് സ്പീഡ് ക്യാമറകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 300,000 ത്തിലധികം ടിക്കറ്റുകള്‍ സ്പീഡ് ക്യാമറകള്‍ വഴി ട്രാഫിക് ലംഘനം നടത്തുന്നവര്‍ക്ക് ഇടാക്കാറുണ്ടായിരുന്നു.
പുതിയ ഫോട്ടോ റഡാര്‍ നിയമം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രി ഡെവിന്‍ ഡ്രീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവിശ്യയിലുടനീളമുള്ള ഏകദേശം 70 ശതമാനം, അതായത് 1500 ഫോട്ടോ റഡാര്‍ സൈറ്റുകള്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. ഫോട്ടോ റഡാറുകള്‍ വഴി പിഴ വെറുതെ ചുമത്തുകയാണെന്നും റോഡുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നില്ലെന്നും മന്ത്രി ആരോപിക്കുന്നു. എന്നിരുന്നാലും സുരക്ഷയ്ക്ക് അത് അത്യാവശ്യമാണെന്ന് തെളിയിക്കാന്‍ കഴിയുമെങ്കില്‍ മുനിസിപ്പാലിറ്റികള്‍ക്ക് അധിക എന്‍ഫോഴ്‌സ്‌മെന്റ് ലൊക്കേഷനുകള്‍ക്ക് അപേക്ഷിക്കാന്‍ കഴിയുമെന്ന് മന്ത്രി അറിയിച്ചു. പുതിയ ഫോട്ടോ റഡാര്‍ നിയമത്തിനെതിരെ എഡ്മന്റണില്‍ വിവാദങ്ങള്‍ തുടരുകയാണ്.