കനത്ത മഴ, ശീതക്കാറ്റ്: ഒന്റാരിയോയില്‍ ആയിരങ്ങള്‍ ഇരുട്ടില്‍; വൈദ്യുതി പൂര്‍ണമായും പുന:സ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കുമെന്ന് ഹൈഡ്രോ വണ്‍ 

By: 600002 On: Mar 31, 2025, 8:39 AM

 


ശനിയാഴ്ച മുതല്‍ പെയ്ത കനത്ത മഴയിലും ശീതക്കാറ്റിലും ഒന്റാരിയോയില്‍ പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. സെന്‍ട്രല്‍, ഈസ്റ്റേണ്‍ ഒന്റാരിയോയില്‍ മഴ പെയ്തതിന് ശേഷം മഴവെള്ളം തണുത്തുറഞ്ഞ് മഞ്ഞുപാളിയായി. താഴ്ന്നുകിടന്ന മരങ്ങളുടെ ശാഖകളും വൈദ്യുതി ലൈനുകളും തണുത്തുറഞ്ഞു. നിരവധി മരങ്ങള്‍ കടപുഴകി വിഴുകയും മരക്കൊമ്പുകള്‍ ഒടിഞ്ഞുവീഴുകയും ചെയ്തു. ഇതോടെ, ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതായി ഹൈഡ്രോ വണ്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് വൈദ്യുതി പൂര്‍ണമായും പുന:സ്ഥാപിക്കാന്‍ നിരവധി ദിവസങ്ങള്‍ എടുക്കുമെന്നും ഹൈഡ്രോ വണ്‍ പറഞ്ഞു.  

ഞായറാഴ്ച രാത്രി 11 മണി വരെ 390,000 ത്തിലധികം ഉപഭോക്താക്കളെ ബാധിക്കുന്ന 3,000 ത്തിലധികം വൈദ്യുതി തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്ന് ഹൈഡ്രോ വണ്‍ അറിയിച്ചു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി പുന:സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് ഹൈഡ്രോ വണ്‍ പറയുന്നു. എന്നാല്‍ ഇതിന് കുറച്ച് സമയമെടുക്കുമെന്നും അറിയിച്ചു. 

ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ ഇലക്ട്രിക് യൂട്ടിലിറ്റി കമ്പനിയായ അലക്ട്രയുടെ കണക്കനുസരിച്ച്, ഈ മേഖലയിലും പരിസര പ്രദേശങ്ങളിലുമുള്ള 28,000ത്തിലധികം ആളുകളെ വൈദ്യുതി തടസ്സങ്ങള്‍ ബാധിച്ചു. ഇതില്‍ ഭൂരിഭാഗവും ബാരിയിലാണ്. വോണിലും ജിടിഎയുടെ മറ്റ് ഭാഗങ്ങളിലും ചെറുതും അങ്ങിങ്ങായി വൈദ്യുതി തടസ്സങ്ങള്‍ ഉണ്ടായതായി അലക്ട്ര പറയുന്നു.