കാല്‍ഗറിയിലെ ബോ നദിക്ക് താഴെയുള്ള മലിനജല പൈപ്പില്‍ ചോര്‍ച്ച കാരണം മലിനജലം നദിയിലേക്ക് ഒഴുകിയതിനെ തുടര്‍ന്ന് കുടിവെള്ള വിതരണത്തില്‍ പ്രതിസന്ധി നേരിട്ടു. എന്നാല്‍ മലിനജല ചോര്‍ച്ച അടച്ചുവെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മേയര്‍ ജ്യോതി ഗോണ്ടെക് അറിയിച്ചു. ബോണിബ്രൂക്ക് വേസ്റ്റ്‌വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് വെള്ളം എത്തിക്കുന്ന മൂന്ന് പൈപ്പുകളാണ് നദിയുടെ അടിത്തട്ടിലുള്ളത്. ഇതില്‍ ഒരു പൈപ്പില്‍ നിന്നാണ് ചോര്‍ച്ച എന്ന് കണ്ടെത്തിയത്. മറ്റ് രണ്ട് പൈപ്പുകള്‍ക്ക് അധിക ഒഴുക്ക് തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മേയര്‍ ജ്യോതി ഗോണ്ടെക് പറഞ്ഞു. ഇനി മലിനജലം നദീജലത്തില്‍ കലരുകയില്ലെന്നും കുടിവെള്ളം കുടിക്കാന്‍ സുരക്ഷിതമായിരിക്കുമെന്ന് മേയര്‍ ഉറപ്പ് നല്‍കി. കുടിവെള്ളത്തില്‍ മലിനജലം കലര്‍ന്നിട്ടില്ലെന്ന് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് പരിശോധന നടത്തി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഗോണ്ടെക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാര്‍ച്ച് 19ന് ബോണിബ്രൂക്ക് പ്ലാന്റില്‍ നിന്ന് സാധാരണയേക്കാള്‍ കുറവ് മലിനജലമാണ് ഒഴുകിയിരുന്നത്. ഇതിന്റെ കാരണം ജീവനക്കാര്‍ അന്വേഷിച്ചതായി ഓപ്പറേഷണല്‍ സര്‍വീസസ് ജനറല്‍ മാനേജര്‍ ഡഗ് മോര്‍ഗന്‍ പറഞ്ഞു. തുടര്‍ന്നാണ് വ്യാഴാഴ്ച പ്ലാന്റിന് സമീപത്ത് നിന്ന് നദീജല സാമ്പിളുകളെടുത്ത് പരിശോധന നടത്തി മലിനജലം കലര്‍ന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്. ജലത്തില്‍ ഇ.കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. തുടര്‍ന്ന് ചോര്‍ച്ചയുള്ള പൈപ്പ് പൂട്ടി. നഗരത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ് ചോര്‍ച്ചയുള്ള പൈപ്പിന് മുകളിലൂടെയാണ് പോകുന്നത്. നദിയിലെ ഇ.കോളിയുടെ അളവ് തുടര്‍ന്നും നിരീക്ഷിക്കുമെന്ന് മോര്‍ഗന്‍ പറഞ്ഞു. നദിയില്‍ നിന്നും ജലവിതരണം നടത്തുന്ന മറ്റ് ഉപയോക്താക്കളെയും അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.