ബാങ്കോക്ക്: മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ വൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1600 കവിഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദുരന്തത്തിൽ കുറഞ്ഞത് 1,644 പേർ കൊല്ലപ്പെടുകയും 3,400 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും 139 പേരെ കാണാതായതായെന്നും മ്യാൻമർ ഭരണകൂടം പ്രസ്താവനയിലൂടെ പറഞ്ഞു.
ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്തും ചൈനയുടെ കിഴക്കൻ ഭാഗത്തും കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മ്യാൻമറിൽ തുടരുന്ന ആഭ്യന്തരയുദ്ധം അടിയന്തര സേവനങ്ങളെ ദുർബലപ്പെടുത്തിയെന്നും ആരോപണമുയർന്നു. അയൽരാജ്യമായ തായ്‌ലൻഡിൽ ഭൂകമ്പത്തിൽ 10 പേർ മരിച്ചു. ബാങ്കോക്കിലെ ചാറ്റുചക് മാർക്കറ്റിന് സമീപം നിർമ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകർന്ന് 100 ഓളം തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ത്യയും അമേരിക്കയുമടക്കം നിരവധി രാജ്യങ്ങൾ മ്യാൻമറിന് സഹായങ്ങൾ നൽകാൻ മുന്നോട്ടു വന്നിട്ടുണ്ട്.