ടൊറന്റോ സിറ്റി കൗൺസിലർമാരുടെ വാർഷിക ശമ്പളത്തിൽ ഗണ്യമായ വർദ്ധനയ്ക്ക് കളമൊരുങ്ങുന്നു

By: 600110 On: Mar 29, 2025, 3:32 PM

 

ടൊറന്റോ സിറ്റി കൗൺസിലർമാരുടെ വാർഷിക ശമ്പളം ഗണ്യമായി വർദ്ധിക്കുന്നു.19 വർഷത്തിനിടെ ആദ്യമായാണ് ശമ്പള വർദ്ധനവ്. വ്യാഴാഴ്ച സിറ്റി കൗൺസിലിൽ നടന്ന ചർച്ചയെത്തുടർന്നാണ് ശമ്പള വർദ്ധനവ് പാസായത്.  24 ശതമാനം ശമ്പള വർദ്ധനവിന്  അനുകൂലമായി 15 പേർ വോട്ട് ചെയ്തു. എട്ട് പേരാണ് എതിർത്തത്. 

തെരഞ്ഞെടുക്കപ്പെട്ട മുനിസിപ്പൽ ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം 137,537 ഡോളറിൽ നിന്ന് 170,588 ഡോളറായി ഉയർത്തിക്കൊണ്ടുള്ള ശുപാർശയാണ് ഇപ്പോൾ അംഗീകരിച്ചത്. പുതിയ വർധനയെ തുടർന്ന് ശമ്പളത്തിലും ആനുകൂല്യങ്ങളിലുമായി ഏകദേശം ഒരു മില്യൺ ഡോളർ അധിക ചിലവിന് ഇടയാക്കും. 2006 മുതൽ കൗൺസിലർമാർക്ക് കാര്യമായ ശമ്പള വർദ്ധനവ് ഉണ്ടായിട്ടില്ല. കൗൺസിൽ ശുപാർശകൾ ഭേദഗതികളോടെയാണ് അംഗീകരിച്ചത്.  സമീപ നഗരങ്ങളായ മിസിസാഗയിലെയും മാർഖാമിലെയും കൗൺസിലർമാരെ അപേക്ഷിച്ച് കുറച്ച് ശമ്പളം മാത്രമാണ് ടൊറൻ്റോ കൌൺസിലർമാർക്ക് ലഭിച്ചു കൊണ്ടിരുന്നത്. അതിനാൽ പുതിയ തീരുമാനം കൌൺസിലർമാർക്ക് ഗുണകരമാകും. എന്നാൽ പുതിയ വർധനയോട് അനുകൂല നിലപാടല്ല മേയർ ഒലീവിയ ചൌവിനുള്ളത് . അതിനാൽ വ്യാഴാഴ്ചത്തെ വോട്ടെടുപ്പിൽ നിന്ന് ഒലീവിയ ചൌ വിട്ട് നിന്നു