കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നടത്തിയ ടെലിഫോൺ സംഭാഷണം ഏറെ ഫലപ്രദമായിരുന്നു എന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഇരുവരും തമ്മിൽ സംസാരിച്ചത്. നേരത്തേ ജസ്റ്റിൻ ട്രൂഡോയെ കാനഡയുടെ ഗവർണ്ണർ എന്ന് അഭിസംബോധന ചെയ്തിരുന്ന ട്രംപ് പക്ഷെ മാർക്ക് കാർണിയെ കാനഡയുടെ പ്രധാനമന്ത്രി എന്നാണ് വിളിച്ചത്.
ട്രൂത്ത് സോഷ്യലിലൂടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയ വിവരം ട്രംപ് പങ്കു വെച്ചത്. ഇരുവരും പല കാര്യങ്ങളിലും യോജിക്കുന്നു എന്നും ഫെഡറൽ തിരഞ്ഞെടുപ്പിന് ശേഷം ഇരു നേതാക്കളും ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. മാർച്ച് ഒൻപതിന് കാർണി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സംഭാഷണമാണിത്. കനേഡിയൻ പ്രവിശ്യകളുടെ പ്രീമിയർമാരുമായും കാർണി കൂടിക്കാഴ്ച നടത്തി. ഈ ആഴ്ച ആദ്യം, എല്ലാ ഓട്ടോമൊബൈൽ, ഓട്ടോ പാർട്സ് ഇറക്കുമതികൾക്കും 25 ശതമാനം തീരുവ ചുമത്താനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചിരുന്നു. ഇതേ തുടർന്ന് കാനഡയും താരിഫ് ചുമത്തി തിരിച്ചടിക്കുകയായിരുന്നു.