പ്രതികൂല സാഹചര്യങ്ങൾക്കുള്ള സാധ്യത മുന്നിൽക്കണ്ട് ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെ സംഭരിക്കണമെന്ന് യൂറോപ്യൻ യൂണിയൻ

By: 600110 On: Mar 29, 2025, 2:40 PM

യുദ്ധം, സൈബർ ആക്രമണങ്ങൾ, കാലാവസ്ഥാ വ്യതിയാനം, രോഗം തുടങ്ങിയ  പ്രതികൂല സാഹചര്യങ്ങൾക്കുള്ള സാധ്യത മുന്നിൽക്കണ്ട്   ഭക്ഷ്യവസ്തുക്കൾ സംഭരിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ജനങ്ങളോട് ആവശ്യപ്പെട്ടു.  കുറഞ്ഞത് 72 മണിക്കൂറെങ്കിലും കഴിയാനുള്ള  ഭക്ഷണം, വെള്ളം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ സംഭരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.  യൂറോപ്പ് കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് 27 രാജ്യങ്ങളുള്ള യൂണിയൻ സുരഷയെക്കുറിച്ച്  പുനർവിചിന്തനം നടത്തുന്നത്.  

സമീപ വർഷങ്ങളിൽ, കോവിഡ്-19 നെയും റഷ്യയിൽ നിന്നുള്ള ഭീഷണിയെയും യൂറോപ്യൻ യൂണിയൻ അതിജീവിച്ചു. യൂറോപ്പ് പ്രകൃതി വാതകത്തിനായി തങ്ങളെ ആശ്രയിക്കുന്നത് ചൂഷണം ചെയ്യാൻ റഷ്യ ശ്രമിച്ചെങ്കിലും അതിനെയും യൂറോപ്യൻ രാജ്യങ്ങൾ അതിജീവിച്ചു.  എന്നാൽ 2030ടെ യൂറോപ്പിന് മേൽ മറ്റൊരു ആക്രമണം നടത്താൻ റഷ്യയ്ക്ക് കഴിയുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ മുന്നറിയിപ്പ് നൽകി. ഇതിനെതിരെ യൂറോപ്യൻ യൂണിയൻ തന്ത്രപരമായൊരു കരുതൽ ശേഖരം  കെട്ടിപ്പടുക്കണമെന്നും അഗ്നിശമന വിമാനങ്ങൾ,  മെഡിക്കൽ, ഊർജ്ജം, ഗതാഗത ഉപകരണങ്ങൾ തുടങ്ങിയവ  സംഭരിക്കണമെന്നും ക്രൈസിസ് മാനേജ്മെന്റ് കമ്മീഷണർ ഹഡ്ജ ലഹ്ബിബ് പറഞ്ഞു. ഭക്ഷണം, വെള്ളം, ടോർച്ച് ലൈറ്റുകൾ, തിരിച്ചറിയൽ രേഖകൾ, മരുന്നുകൾ, ഷോർട്ട് വേവ് റേഡിയോകൾ എന്നിവ സ്റ്റോക്ക് ചെയ്യേണ്ട  പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ യൂറോപ്പ് നേരിടുന്ന ഭീഷണികൾ എക്കാലത്തേക്കാളും സങ്കീർണ്ണമാണ്, അവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നും ഹഡ്ജ ലഹ്ബിബ് പറഞ്ഞു.