അതിര്‍ത്തി സുരക്ഷ സംബന്ധിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ നിലപാട് അമേരിക്കയിലേക്ക് വാഹനത്തില്‍ യാത്ര ചെയ്യുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അതിര്‍ത്തിയില്‍ യുഎസ് എന്‍ഫോഴ്‌സമെന്റ് കനേഡിയന്‍ പൗരന്മാരെ തടഞ്ഞുവെക്കുകയോ ഗ്രീന്‍ കാര്‍ഡ് ഉടമകളെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുകയോ ചെയ്യുന്നതായി ഇമിഗ്രേഷന്‍ അഭിഭാഷകന്‍ ലെന്‍ സോണ്ടേഴ്‌സ് പറയുന്നു. കാര്‍, ട്രക്ക് തുടങ്ങിയ വാഹനങ്ങളില്‍ അതിര്‍ത്തി കടക്കുന്ന കനേഡിയന്‍ പൗരന്മാര്‍ ഇത് സംബന്ധിച്ച് ആശങ്കാകുലരാണെന്നും അദ്ദേഹം പറഞ്ഞു. ബൈഡന്‍ ഭരണകൂടത്തിന് കീഴിലുള്ള കുറഞ്ഞ നിയന്ത്രണങ്ങളില്‍ നിന്ന് ട്രംപ് ഭരണകൂടത്തിന്റെ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് മാറിയതില്‍ കനേഡിയന്‍ പൗരന്മാര്‍ അസ്വസ്ഥരാണെന്നും സൗണ്ടേഴ്‌സ് പറഞ്ഞു. അടുത്ത നാല് വര്‍ഷത്തേക്ക് പ്രശ്‌നങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോര്‍ഡര്‍ ഉദ്യോഗസ്ഥര്‍ ഫോണുകള്‍ പരിശോധിക്കുന്നത് അസാധാരണമല്ല, എങ്കിലും അതിര്‍ത്തി കടന്ന് അമേരിക്കയിലേക്ക് പ്രവേശിക്കുന്ന കനേഡിയന്‍ യാത്രക്കാര്‍ ഫോണുകളില്‍ സംശയാസ്പദമായ ഒന്നുമില്ലെന്നതും ശരിയായ രേഖകള്‍ കൈവശമുണ്ടെന്നതും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണെന്നും സോണ്ടേഴ്‌സ് നിര്‍ദ്ദേശിക്കുന്നു. അതിര്‍ത്തി കടന്ന് അമേരിക്കയിലേക്ക് പ്രവേശിക്കുന്നതില്‍ ആശങ്കയുള്ളവര്‍ വാഹനമോടിക്കുന്നതിന് പകരം വിമാനത്തില്‍ യാത്ര ചെയ്യുന്നതായിരിക്കും ഉചിതമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.