ഫോട്ടോ റഡാറുകളുടെ നിയന്ത്രണം; കാല്‍ഗറിയിലേക്ക് പുതിയ ട്രാഫിക് സേഫ്റ്റി ടീമിനെ നിയോഗിക്കുന്നു 

By: 600002 On: Mar 29, 2025, 8:28 AM

 

 

ആല്‍ബെര്‍ട്ടയില്‍ ഫോട്ടോ റഡാര്‍ ലൊക്കേഷനുകള്‍ ഗണ്യമായി കുറയ്ക്കാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് പീസ് ഓഫീസര്‍, സര്‍ജന്റ്‌സ് എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു പുതിയ സേഫ്റ്റി ടീമിനെ(TST) നിയോഗിക്കാന്‍ ഒരുങ്ങി കാല്‍ഗറി. സംഘം സിറ്റിയില്‍ പട്രോളിംഗ് ആരംഭിക്കും. എട്ട് പീസ് ഓഫീസര്‍മാരും രണ്ട് സര്‍ജന്റ്‌സുമാണ് സംഘത്തിലുണ്ടാവുകയെന്ന് കാല്‍ഗറി സിറ്റി അറിയിച്ചു. 

കളിസ്ഥലങ്ങളില്‍ വേഗപരിധി നടപ്പിലാക്കുക, ട്രാഫിക് സേഫ്റ്റി എജ്യുക്കേഷന്‍ കാര്യക്ഷമമാക്കുക, ഉയര്‍ന്ന ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുക എന്നിവയിലാണ് സംഘം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2023 നവംബറില്‍ സിറ്റി കൗണ്‍സില്‍ ടീമിന്റെ നിയമനത്തിന് അംഗീകാരം നല്‍കിയതാണ്. 

ഈ മാസം മുതല്‍ പൊതുവിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് ഗതാഗത നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനായി ടിഎസ്ടി കാല്‍ഗറി പോലീസ് സര്‍വീസ്, കാല്‍ഗറി 911 എന്നിവയുമായി സഹകരിക്കും. ട്രാഫിക് നിരീക്ഷണങ്ങളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞ് അടിയന്തരമായി ആവശ്യമുള്ള സ്ഥലങ്ങളില്‍ നടപടികള്‍ കൈക്കൊള്ളാനും സംഘം സഹായിക്കും.