ഡിപ്പാർട്ട്മെൻ്റൻ സ്റ്റോർ ശൃംഖലയായ ഹഡ്‌സൺസ് ബേ കമ്പനി അടച്ചു പൂട്ടുമ്പോൾ, ജോലി നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് റിപ്പോർട്ട്. 96 സ്റ്റോറുകളിൽ ഭൂരിഭാഗവും അടച്ചുപൂട്ടുമ്പോൾ 9,300-ലധികം തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമാവുക. എന്നാൽ ജോലി നഷ്ടമാകുന്ന 121 മാനേജർമാർക്കും എക്സിക്യൂട്ടീവുകൾക്കും കമ്പനി 3 മില്യൺ ഡോളർ വരെ ബോണസ് നൽകും. അതേ സമയം സാധാരണ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നല്കുകയുമില്ല. ഇത് അന്യായമാണെന്ന് ലേബർ പ്രവർത്തകരും തൊഴിലാളികളും ആരോപിച്ചു.
കമ്പനിയുടെ പുനഃസംഘടനയിൽ സഹായിക്കുന്നതിനാണ് പ്രധാന ജീവനക്കാരെ നിലനിർത്തുന്നത്. ഇവർക്കാണ് ബോണസുകൾ നല്കാൻ ഉദ്ദേശിക്കുന്നതെന്ന് കോടതി രേഖകൾ പറയുന്നു. പാപ്പരായി പ്രഖ്യാപിച്ച് സ്ഥാപനങ്ങൾ അടച്ചു പൂട്ടുമ്പോൾ ബോണസുകൾ സാധാരണമാണെന്ന് തൊഴിൽ അഭിഭാഷകൻ അഡ്രിയാൻ ഇഷാക് പറഞ്ഞു. കാനഡയിലെ വേതന വരുമാന സംരക്ഷണ പരിപാടിയിലൂടെ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം ലഭിക്കാനിടയുണ്ട്. പക്ഷേ പിരിച്ചുവിട്ടതിന് ശേഷം മാത്രമേ ഇതിനായി അപേക്ഷിക്കാൻ കഴിയൂ. സാധാരണയായി, ഒന്റാരിയോയിൽ ഇത്തരം സാഹചര്യങ്ങളിൽ നിയമം അനുസരിച്ച് പിരിച്ചുവിടൽ വേതനം നല്കേണ്ടതുണ്ട്. എന്നാൽ പാപ്പരായ കമ്പനികൾക്ക് അത് ഒഴിവാക്കാൻ കഴിയും. മുമ്പ് ചില എംപിമാർ പിരിച്ചുവിടൽ വേതനത്തിനായി നിയമങ്ങൾ പാസാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തൊഴിലാളി സംരക്ഷണം ഒരു തിരഞ്ഞെടുപ്പ് വിഷയമാക്കണമെന്ന് തൊഴിലാളി നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്.