ആൻ്റി ബയോട്ടിക്കുകൾക്കെതിരെ പ്രതിരോധ ശേഷി നേടിയ കാൻഡിഡ ഓറിസ് എന്നൊരു ഫംഗസ് ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും അപകടകരമായ നിരക്കിൽ പടരുന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു. കാൻഡിഡ ഓറിസിന്റെ വർദ്ധിച്ചു വരുന്ന ഭീഷണിയെക്കുറിച്ച് കഴിഞ്ഞ ആഴ്ച, സിഡിസി മുന്നറിയിപ്പ് നൽകിയിരുന്നു.
ഒന്നിലധികം ആന്റിഫംഗൽ മരുന്നുകൾക്ക് പുറമെ ആശുപത്രികളിൽ ഉപയോഗിക്കുന്ന സാധാരണ അണുനാശിനികൾക്കെതിരെയും ഇതിന് പ്രതിരോധ ശേഷിയുണ്. അതിനാൽ കാൻഡിഡ ഓറിസിനെ ഒരു അടിയന്തര എ.ആർ [ആന്റിമൈക്രോബയൽ പ്രതിരോധം] ഭീഷണിയായാണ് സി.ഡി.സി. കണക്കാക്കുന്നത്. ഒന്നിലധികം ആന്റിഫംഗൽ മരുന്നുകളെ പ്രതിരോധിക്കുന്നതിന് പുറമെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിൽ, ഇത് എളുപ്പത്തിൽ ഇത് പടരുകയും ചെയ്യും. ഉയർന്ന മരണനിരക്കുകൾക്ക് ഇടയാക്കുന്ന ഗുരുതരമായ അണുബാധകൾക്ക് കാരണമാകുമെന്നും സിഡിസിയുടെ പ്രസ്താവനയിലുണ്ട്. യു എസിന് പുറത്തേക്ക് പടരാനുള്ള സാധ്യതയും ഉണ്ട്.
2009 ൽ ജപ്പാനിലാണ് ഈ ഫംഗസ് ആദ്യമായി കണ്ടെത്തിയത്, അതിനുശേഷം ഇത് ലോകമെമ്പാടും വ്യാപിച്ചു, കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ആശുപത്രികളിലും പരിചരണ കേന്ദ്രങ്ങളിലും ഇത് കണ്ടെത്തിയിട്ടുണ്ട്.