ന്യൂബ്രണ്‍സ്‌വിക്കിനും പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിനും ഇടയിലുള്ള കോണ്‍ഫഡറേഷന്‍ പാലം കടക്കുന്നതിനുള്ള ടോളുകള്‍ നിര്‍ത്തലാക്കുമെന്ന് കണ്‍സര്‍വേറ്റീവ്, ലിബറല്‍ പാര്‍ട്ടികളുടെ വാഗ്ദാനം. ഫെഡറല്‍ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ടോളുകള്‍ റദ്ദാക്കുമെന്നാണ് ഇരുപാര്‍ട്ടികളും വാഗ്ദാനം ചെയ്യുന്നത്. നോര്‍ത്തംബര്‍ലാന്‍ഡ് കടലിടുക്കിന് കുറുകെ 13 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിച്ചിരിക്കുന്ന പാലം കാനഡയിലെ ഏറ്റവും നീളം കൂടിയ പാലമാണ്. പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിനെ കനേഡിയന്‍ മെയിന്‍ലാന്‍ഡുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു പാലമാണിത്. 1997 ലാണ് പാലം തുറന്നുകൊടുത്തത്. അന്ന് മുതല്‍ പാലത്തിലൂടെ കടക്കുന്നവര്‍ ക്രോസിംഗില്‍ ടോള്‍ നല്‍കുന്നുണ്ട്.
നിലവില്‍ രണ്ട് ആക്‌സിലുകളുള്ള വാഹനങ്ങള്‍ക്ക് 50.25 ഡോളറാണ് ടോള്‍. ഓരോ അധിക ആക്‌സിലിനും 8.50 ഡോളര്‍ അധിക ചാര്‍ജ് ഈടാക്കും(ഹെവി ട്രക്കുകള്‍ക്കും മറ്റ് വാണിജ്യ വാഹനങ്ങള്‍ക്കും ബാധകമാണ്). മോട്ടോര്‍സൈക്കിളുകള്‍ക്ക് 20 ഡോളറാണ് ഈടാക്കുന്നത്. സെല്‍ഫ്-സര്‍വീസ് ഷട്ടില്‍ സര്‍വീസ് എന്ന പേരില്‍ കാല്‍നടയാത്രക്കാര്‍ക്ക് 4.75 ഡോളറും 9.50 ഡോളറുമാണ് നിരക്ക്. ഡ്രൈവര്‍മാര്‍ യാത്രക്കാരെ പാലത്തിന് കുറുകെ കയറ്റി തിരികെ കൊണ്ടുപോകുന്ന രീതിയാണിത്.