കൊറിയര്‍ സര്‍വീസ് ബാങ്ക് കാര്‍ഡ് തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കാല്‍ഗറി പോലീസ് 

By: 600002 On: Mar 28, 2025, 7:54 AM



 

ബാങ്കില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള ജീവനക്കാരെന്ന് പറഞ്ഞ് ഡെബിറ്റ്കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് അറിയിച്ച് വിളിക്കുകയും ഡെബിറ്റ് കാര്‍ഡ് കൊറിയര്‍ സര്‍വീസ് വഴി ശേഖരിക്കുന്നുണ്ടെന്നും പറഞ്ഞുള്ള നിരവധി തട്ടിപ്പുകള്‍ വര്‍ധിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കാല്‍ഗറി പോലീസ് സര്‍വീസ്. ബാങ്കിന്റെ നമ്പറെന്ന് തോന്നിപ്പിക്കുന്ന നമ്പറില്‍ നിന്നാണ് തട്ടിപ്പുകാര്‍ വിളിക്കുന്നത്. ഇത് തെറ്റിദ്ധരിച്ച് ജനങ്ങള്‍ തട്ടിപ്പില്‍ വീഴുകയാണെന്നും പോലീസ് പറയുന്നു. 

അടുത്തിടെ നിരവധി കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും തട്ടിപ്പുകളില്‍ ഇതുവരെ 60,000 ഡോളര്‍ ഇരകള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ബാങ്കിന്റെ പേരിലുള്ള പഴയ കാര്‍ഡ് എടുക്കാന്‍ കൊറിയര്‍ അയക്കാമെന്ന് തട്ടിപ്പുകാര്‍ ജനങ്ങളെ വിശ്വസിപ്പിക്കുന്നു. പ്രശ്‌നം പരിഹരിക്കാമെന്നും കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ പുതിയ കാര്‍ഡ് ലഭിക്കുമെന്നും പറയുന്നു. ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. 

തട്ടിപ്പിന് ഇരയായവര്‍ക്ക് 403-266-1234 എന്ന നോണ്‍-എമര്‍ജന്‍സി ലൈനില്‍ ബന്ധപ്പെടുകയോ P3 Tips  ആപ്പ് വഴി കാല്‍ഗറി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.