തൻ്റെ സർക്കാർ അധികാരത്തിൽ എത്തിയാൽ വിരമിക്കൽ പ്രായം 65 ആയി നിലനിർത്തുമെന്നും നിർബന്ധിത RRSP പിൻവലിക്കൽ തീയതി രണ്ട് വർഷം വൈകിപ്പിക്കുമെന്നും കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ. മുതിർന്ന പൗരന്മാർക്കുള്ള കിഴിവുകളും ആനൂകൂല്യങ്ങളും ഇപ്പോഴും അപര്യാപ്തമാണെന്നും ഇതിന് മാറ്റമുണ്ടാകുമെന്നും പൊയിലീവ്രെ പറഞ്ഞു. ക്യൂബെക്ക് സിറ്റിക്കടുത്തുള്ള ഒരു പ്രീഫാബ്രിക്കേറ്റഡ് ഹോം ഫാക്ടറിയിൽ തൊഴിലാളികളോടും മാധ്യമപ്രവർത്തകരോടും സംസാരിക്കവെ ആയിരുന്നു പ്രഖ്യാപനം.
ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ള മേഖലയിലെ മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ടായിരുന്നു പ്രഖ്യാപനം. സമീപകാല അഭിപ്രായ വോട്ടെടുപ്പിൽ 55 വയസ്സിൽ കൂടുതലുള്ള കനേഡിയൻമാരിൽ കൺസർവേറ്റീവുകളെക്കാൾ 18 പോയിന്റ് മുന്നിലാണ് ലിബറലുകൾ എന്ന് കണ്ടെത്തിയിട്ടുണ്ട്. ഞങ്ങൾ വിരമിക്കൽ പ്രായം ഉയർത്തില്ല, കൺസർവേറ്റീവ് സർക്കാരിനു കീഴിൽ 65 വയസ്സിൽ വാർദ്ധക്യ സുരക്ഷ (OAS), ഗ്യാരണ്ടീഡ് ഇൻകം സപ്ലിമെന്റ് (GIS), കാനഡ പെൻഷൻ പ്ലാൻ (CPP) പേയ്‌മെന്റുകൾ ആരംഭിക്കുന്നത് തുടരുമെന്നും പൊയ്‌ലിവ്രെ വാഗ്ദാനം ചെയ്തു. നിലവിൽ മുതിർന്നവർക്കുള്ള നികുതി രഹിത വരുമാന പരിധി 15000 ഡോളറാണ്. ഇത് 25000 ഡോളറാക്കി ഉയർത്താൻ പ്രതിജ്ഞാബദ്ധമാണെന്നും പിയറി പൊയിലീവ്രെ പറഞ്ഞു. 2021ലെ സെൻസസ് അനുസരിച്ച് കനേഡിയൻ ജനസംഖ്യയിലെ 25 ശതമാനത്തോളം 61 മുതൽ 79 വയസ്സ് വരെയുള്ള പ്രായക്കാരാണ്. ഇതേ തുടർന്നാണ് പിയറി പൊയിലീവ്രെ ഇവരെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ നടത്തിയത്.