ആൽബെർട്ട ഹെൽത്ത് സർവീസസിൻ്റെ ശസ്ത്രക്രിയ കരാറുകളിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്ന ആരോപണങ്ങൾ ശരിവെക്കുന്ന റിപ്പോർട്ട് പുറത്ത്

By: 600110 On: Mar 27, 2025, 3:53 PM

 


ആൽബെർട്ട ഹെൽത്ത് സർവീസസിൻ്റെ ശസ്ത്രക്രിയാ കരാറുകളിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്ന  ആരോപണങ്ങൾ ശരിവെക്കുന്ന റിപ്പോർട്ട് പുറത്ത്.  പാർക്ക്‌ലാൻഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ റിപ്പോർട്ട് ആണ് AHS നെ പ്രതിക്കൂട്ടിൽ ആക്കുന്നത്.  

ശസ്ത്രക്രിയാ കരാറുകൾ - ഉയർന്ന ചെലവും നീണ്ട കാത്തിരിപ്പും എന്ന തലക്കെട്ടിൽ ആണ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. സൈമൺ ഫ്രേസർ സർവകലാശാലയിലെ ആരോഗ്യ നയ ഗവേഷകനായ ആൻഡ്രൂ ലോങ്‌ഹേഴ്‌സ്റ്റിൻ്റെ കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ ഉള്ളത്.  2019 ൽ എ‌എസ്‌ഐ വഴി കരാർ ആരംഭിച്ചതിനു ശേഷം നടന്ന 11 ശസ്ത്രക്രിയകളിൽ ഒമ്പതിനും കാത്തിരിപ്പ് സമയവും ചെലവും കൂടിയെന്ന് റിപ്പോർട്ടിൽ പറയുന്നു.  
ഈ സംരംഭത്തിലൂടെ സ‍‍ർക്കാ‍ർ ലക്ഷ്യമിട്ടതിന് വിപരീതമാണ് നടന്നതെന്നും ലോങ്‌ഹേഴ്സ്റ്റ് പറഞ്ഞു. 2019ൽ എഎസ്ഐ വഴിയുള്ള കരാറുകൾ തുടങ്ങിയതിന് ശേഷം ശസ്ത്രക്രിയ ചെലവുകൾ 70 ശതമാനത്തോളം വ‍ർധിച്ചു. കഴിഞ്ഞ വ‍ർഷത്തെ മാത്രം വർധന 50 ശതമാനത്തോളമായിരുന്നു. പുതിയ മാറ്റങ്ങളിലൂടെ ചില‍ർക്ക് ധാരാളം പണം ലഭിച്ചതായും വ്യക്തമാണെന്ന്  ലോങ്‌ഹേഴ്‌സ്റ്റ് പറയുന്നു.