അമേരിക്കയിലേക്കുള്ള എല്ലാ ഓട്ടോമൊബൈൽ ഇറക്കുമതികൾക്കും അടുത്തയാഴ്ച മുതൽ 25 ശതമാനം തീരുവ ചുമത്താനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഓട്ടോമൊബൈൽ ഇറക്കുമതിയുടെ തീരുവ ഏപ്രിൽ മൂന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് ബുധനാഴ്ച വൈകുന്നേരം പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
CUSMA എന്ന് അറിയപ്പെടുന്ന കാനഡ-യുഎസ്-മെക്സിക്കോ കരാർ പ്രകാരം ഇറക്കുമതി ചെയ്യുന്ന ഓട്ടോമൊബൈലുകൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിർമ്മിക്കാത്ത ഭാഗങ്ങളുടെ മൂല്യത്തിന് മാത്രമേ താരിഫ് ചുമത്തൂ എന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. എഞ്ചിനുകൾ, ട്രാൻസ്മിഷൻ, ഇലക്ട്രിക്കൽ ഘടകങ്ങൾ തുടങ്ങിയ ചില ഓട്ടോ പാർട്സുകളുടെ താരിഫുകളും എക്സിക്യൂട്ടീവ് ഉത്തരവിൽ ഉൾപ്പെടുന്നു. കനേഡിയൻ ഓട്ടോ തൊഴിലാളികൾക്കെതിരായ നേരിട്ടുള്ള ആക്രമണം എന്നാണ് പ്രധാനമന്ത്രി മാർക്ക് കാർണി ഈ നീക്കത്തെ വിശേഷിപ്പിച്ചത്. നമ്മുടെ തൊഴിലാളികളെയും രാജ്യത്തെ കമ്പനിളെയും സംരക്ഷിക്കുമെന്നും നമ്മൾ ഒരുമിച്ച് അതിനെ പ്രതിരോധിക്കുമെന്നും കാർണി പറഞ്ഞു. 1965ൽ കാനഡയും അമേരിക്കയും ഒപ്പു വച്ച ഓട്ടോ പാക്ട് കരാറിൻ്റെ കാലം മുതൽ ഓട്ടോമൊബൈൽ മേഖലയിൽ ഇരു രാജ്യങ്ങളുടെയും സഹകരണം ശക്തമാണ്. ഇതിനു വിരുദ്ധമാണ് പുതിയ തീരുവകളെന്നും കാർണി ആരോപിച്ചു