കാനഡയിലേക്ക് കുടിയേറിയതിലുള്ള നിരാശ പങ്കു വെച്ച് ഡൽഹി സ്വദേശി എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു

By: 600110 On: Mar 27, 2025, 11:15 AM

കാനഡയിലേക്ക് കുടിയേറിയതിലുള്ള നിരാശ പങ്ക് വെച്ച് ഡൽഹി സ്വദേശി എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു.  കനേഡിയൻ വിദ്യാഭ്യാസ സമ്പ്രദായം, ഉയർന്ന ജീവിതച്ചെലവ്, സാമ്പത്തിക ബുദ്ധിമുട്ടുകൾ, തൊഴിലുടമകളുടെ ചൂഷണം, മാനസികാരോഗ്യ വെല്ലുവിളികൾ എന്നിവയെല്ലാം വിശദമാക്കിക്കൊണ്ടാണ് യുവാവിൻ്റെ കുറിപ്പ്.  വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർ പുനർവിചിന്തനം നടത്തണമെന്നാണ് യുവാവ് കുറിപ്പിലൂടെ അഭ്യർത്ഥിക്കുന്നത്.  

പല ഇന്ത്യക്കാരും വിദേശത്തേക്ക് പോകുന്നത് മെച്ചപ്പെട്ട ജീവിതം എന്ന സ്വപ്‌നവും മനസ്സിൽ കണ്ടാകും. എന്നാൽ യാഥാർത്ഥ്യം പലപ്പോഴും പ്രതീക്ഷകളിൽ നിന്ന് വളരെ അകലെയായിരിക്കാമെന്നാണ് യുവാവ് പറയുന്നത്. വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു  പ്രധാന ആശങ്കകളിൽ ഒന്ന്. അമിതമായ ട്യൂഷൻ ഫീസ് കൊടുത്ത് അക്കാദമിക് മൂല്യം കുറവുള്ള  താഴ്ന്ന റാങ്കുള്ള കോളേജുകളിലാണ് മിക്ക വിദ്യാർത്ഥികളും ചേരുന്നതെന്ന് യുവാവ് പറയുന്നു. മോശം അധ്യാപന നിലവാരവും കാലഹരണപ്പെട്ട പാഠ്യപദ്ധതിയും വിദ്യാർത്ഥികളെ തൊഴിലിന് സജ്ജമാക്കുന്നതിൽ പരാജയപ്പെടുന്നുവെന്നും കുറിപ്പിൽ വിമർശനം ഉണ്ട്. തങ്ങളുടെ ബിരുദങ്ങൾക്ക്  തൊഴിൽ വിപണിയിൽ വലിയ പ്രാധാന്യമില്ലെന്ന് തിരിച്ചറിയുന്നതോടെ പലരും ഊബർ ഡ്രൈവിംഗ്, വെയർഹൗസ് ലേബർ അല്ലെങ്കിൽ റീട്ടെയിൽ ജോലി പോലുള്ള കുറഞ്ഞ ശമ്പളമുള്ള   ജോലികൾ ചെയ്യാൻ നിർബന്ധിതരാകുന്നു എന്നും യുവാവ് പറയുന്നു.  സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ട്, വിദ്യാർത്ഥികളുടെ വിജയത്തേക്കാൾ ലാഭത്തിന് മുൻഗണന നൽകുന്ന പരാജയപ്പെട്ടൊരു വിദ്യാഭ്യായ സമ്പ്രദായത്തെക്കുറിച്ചും അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.