മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റത്തിന് നാല് കനേഡിയന്‍ പൗരന്മാരെ ചൈന വധശിക്ഷയ്ക്ക് വിധേയമാക്കിയതിന് പിന്നാലെ ചൈനയിലേക്ക് യാത്ര ചെയ്യുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കനേഡിയന്‍ സര്‍ക്കാര്‍. ചൈന സന്ദര്‍ശിക്കുന്ന പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാനഡ നിര്‍ദ്ദേശിക്കുന്നു. ഇത് അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക എന്നതിന് ഒരു ലെവല്‍ താഴെയും എല്ലാ യാത്രകളും ഒഴിവാക്കുക എന്ന രണ്ട് ലെവല്‍ താഴെയുമാണ്.
പ്രാദേശിക നിയമങ്ങള്‍ ചൈനയില്‍ ഏകപക്ഷീയമായി നടപ്പിലാക്കുന്നതിന്റെ അപകടസാധ്യതകള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ നീതിന്യായ വ്യവസ്ഥയില്‍ സുതാര്യതയില്ലാത്തതിനാല്‍ ചൈനയില്‍ കാനഡയ്ക്ക് കോണ്‍സുലാര്‍ സഹായം നല്‍കാനുള്ള കഴിവ് പരിമിതമാണെന്നും ഫലപ്രദമായ നിയമസഹായം നേടാനുള്ള കഴിവിനെയും ഇത് ബാധിച്ചേക്കാമെന്നും അഡൈ്വസറിയില്‍ കൂട്ടിച്ചേര്‍ക്കുന്നു.
ചൈനയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല്‌പേരും ഇരട്ടപൗരത്വമുള്ളവരാണെന്ന് കാനഡ പറഞ്ഞിരുന്നു. എന്നാല്‍ ഇവരുടെ കുറ്റകൃത്യങ്ങള്‍ക്ക് ശക്തവും മതിയായതുമായ തെളിവുകള്‍ ഉണ്ടെന്നും നിയമപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന്, അഴിമതി, ചാരവൃത്തി എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കാണ് ചൈനയില്‍ വധശിക്ഷ വിധിക്കുന്നത്. അതേസമയം, ചൈനയില്‍ വധശിക്ഷകളുടെ എണ്ണം രഹസ്യമാണ്.