റെയിന്‍ ബാരലുകള്‍ക്ക് റിബേറ്റ്;  പുതിയ പ്രോഗ്രാമുമായി കാല്‍ഗറി സിറ്റി 

By: 600002 On: Mar 27, 2025, 10:09 AM

 

 

കാല്‍ഗറി സിറ്റിയും ഗ്രീന്‍ കാല്‍ഗറിയും സംയുക്തമായി നഗരത്തില്‍ പുതിയ റിബേറ്റ് പ്രോഗ്രാം നടപ്പിലാക്കുന്നു. പുതിയ പ്രോഗ്രാമിലൂടെ കാല്‍ഗറിയിലെ താമസക്കാര്‍ക്ക് രണ്ട് റെയിന്‍ ബാരലുകള്‍ക്ക് 50 ഡോളര്‍ റിബേറ്റ് ലഭിക്കും. ഏപ്രില്‍ 1 മുതല്‍ ഗ്രീന്‍ കാല്‍ഗറിയില്‍ നിന്നോ പ്രാദോശിക വില്‍പ്പനക്കാരില്‍ നിന്നോ വാങ്ങിയ റെയിന്‍ ബാരലുകളുടെ(ഒരു വീടിന് പരമാവധി രണ്ട് ബാരലുകള്‍ വരെ) ഒറിജിനല്‍ രസീതുകള്‍ സഹിതം അപേക്ഷാ ഫോം സമര്‍പ്പിക്കാമെന്ന് സിറ്റി അധികൃതര്‍ അറിയിച്ചു. ബാരലിന് 50 ഡോളര്‍ തിരികെ ലഭിക്കും. 3000 റെയിന്‍ ബാരലുകള്‍ക്ക് റിബേറ്റ് നല്‍കുന്നതോടെ പ്രോഗ്രാം അവസാനിപ്പിക്കുമെന്നും സിറ്റി വ്യക്തമാക്കി. 

സമ്മര്‍സീസണില്‍ ജല ഉപയോഗം ഗണ്യമായി വര്‍ധിക്കും. ഈ സമയത്ത് സംഭരിച്ചുവെച്ചിരിക്കുന്ന മഴവെള്ളം ഉപയോഗിക്കുന്നത് ജലഉപയോഗത്തിന് സഹായിക്കുമെന്നും ജലം പാഴാക്കി കളയാതെ സംരക്ഷിക്കാമെന്നും കാല്‍ഗറി സിറ്റി നാച്ചുറല്‍ എണ്‍വയോണ്‍മെന്റ് ആന്‍ഡ് അഡാപ്‌റ്റേഷന്‍ മാനേജര്‍ നിക്കോള്‍ ന്യൂട്ടണ്‍ പറയുന്നു. 

ഗ്രീന്‍ കാല്‍ഗറി റെയിന്‍ ബാരലുകള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. 50 ഡോളര്‍ റിബേറ്റ് കഴിഞ്ഞ് 75 ഡോളറും ജിഎസ്ടിയും ഈടാക്കും. ഏപ്രില്‍ 19 ന് രാവിലെ 9 മണിക്കും ഉച്ചയ്ക്ക് 1 നും ഇടയില്‍ ഡീര്‍ഫൂട്ട് മെഡോസ് ഐകിയ ലൊക്കേഷനില്‍ നിന്നും, മെയ് 3 ന് ഷഗനാപ്പി ട്രെയിലിന് പുറത്തുള്ള ഡല്‍ഹൗസി കോ-ഓപ്പറേഷനില്‍ നിന്നും, ജൂണ്‍ 7 ന് ഫാല്‍ക്കണ്‍റിഡ്ജിലെ ജെനസിസ് സെന്ററില്‍ നിന്നും, ജൂണ്‍ 14 ന് ക്രോചൈല്‍ഡ് ട്രെയിലിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കാല്‍ഗറി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയില്‍ നിന്നും റെയിന്‍ ബാരലുകള്‍ വാങ്ങാം.