കേരളത്തിൽ വിസ തട്ടിപ്പ് പരാതികൾ കുത്തനെ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം നഷ്ടപ്പെട്ടതായി പറയുന്ന നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്ന് എറണാകുളം റൂറൽ ജില്ല പോലീസ് വ്യക്തമാക്കി. ഒന്നോ രണ്ടോ ഒറ്റപ്പെട്ട കേസുകളല്ല മറിച്ച് നിരവധി പരാതികളാണ് ദിവസവും എത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. യൂറോപ്പ്, കാനഡ, യുകെ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്നത്.
കെയർ വർക്കർ വിസ പദ്ധതി പ്രകാരം യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് കുടിയേറിയ കേരളീയരുടെ ബുദ്ധിമുട്ടുകൾ വിശദീകരിക്കുന്ന ഒരു റിപ്പോർട്ട് ബിബിസി പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ മുന്നറിയിപ്പ് വന്നത്. വിദേശത്ത് മികച്ച തൊഴിലെന്ന മലയാളികളുടെ ആഗ്രഹമാണ് പ്രധാനമായും കേരളത്തിൽ നിന്നുള്ള ആളുകളെ തട്ടിപ്പുകാർ ലക്ഷ്യമിടുന്നതിനുള്ള പ്രധാന കാരണം. സാമ്പത്തിക ഭദ്രത ലക്ഷ്യമിട്ടാണ് പലരും കുടിയേറ്റം തെരഞ്ഞെടുക്കുന്നത്. യുകെ, കാനഡ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലികൾ വാഗ്ദാനം ചെയ്താണ് തട്ടിപ്പുകൾ കൂടുതലും നടക്കുന്നതെന്ന് ബർജിയൻ ലോയിലെ സീനിയർ പാർട്ണർ കേതൻ മുഖിജ പറയുന്നു.
വിസ തട്ടിപ്പിനോ ചൂഷണത്തിനോ ഇരയായ 1,000 മുതൽ 2,000 വരെ കേരളീയർ ഇപ്പോഴും യുകെയിലുണ്ടെന്ന് ലേബർ പാർട്ടി അംഗവും കേംബ്രിഡ്ജ് മേയറുമായ ബൈജു തിട്ടാല പറഞ്ഞു. പണം നഷ്ടപ്പെട്ടതിനാൽ പോകാൻ കഴിയാതെ നൂറുകണക്കിന് പേർ കേരളത്തിൽ തന്നെ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം ജില്ലയിലെ കോതമംഗലത്ത്, യുകെ കെയർ വിസ നേടാൻ ശ്രമിക്കുന്നതിനിടെ ദശലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ട 30 ഓളം പേരെ ബിബിസി റിപ്പോർട്ടർമാർ കണ്ടെത്തിയിട്ടുണ്ട്. ഇതും തട്ടിപ്പിൻ്റെ വ്യാപ്തി എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണ്.