അമേരിക്ക സന്ദർശിക്കാനൊരുങ്ങുന്ന കനേഡിയൻ പൗരന്മാർക്കായി പുതുക്കിയ യാത്രാ മാർഗനിർദ്ദേശങ്ങളുമായി കനേഡിയൻ സർക്കാർ. അമേരിക്കയിൽ 30 ദിവസത്തിൽ കൂടുതൽ തങ്ങുന്ന വിദേശികൾ രജിസ്റ്റർ ചെയ്യണമെന്നതടക്കമുള്ള പുതിയ നിയമങ്ങൾ അമേരിക്ക മുന്നോട്ട് വച്ച പശ്ചാത്തലത്തിലാണ് ഇത്.
യുഎസ് അതിർത്തിയിൽ കാനഡക്കാർക്ക് എന്തൊക്കെ അവകാശങ്ങളാണ് ഉള്ളത് എന്നും അമേരിക്കയിൽ പ്രവേശിക്കുമ്പോൾ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും അടക്കമുള്ള കാര്യങ്ങൾ യുഎസ് നിയമ വെബ്‌സൈറ്റായ നോളോ അപ്ഡേറ്റ് ചെയ്ത് വെബ്സൈറ്റ് വഴി പുറത്തിറക്കിയിട്ടുണ്ട്. അമേരിക്കയിലേക്ക് താൽക്കാലികമായോ സ്ഥിരമായോ വരാൻ ശ്രമിക്കുന്ന വിദേശ പൗരന്മാർക്ക് അപേക്ഷാ സമയത്തും സ്ക്രീനിംഗ് പ്രക്രിയയിലും കുറച്ച് അവകാശങ്ങളേ ഉള്ളൂ. ആദ്യത്തെയോ രണ്ടാമത്തെയോ പരിശോധനയിൽ നിങ്ങൾക്ക് ഒരു അഭിഭാഷകനെ ലഭിക്കാനുള്ള അവകാശമില്ല. നിങ്ങളുടെ ബാഗുകളും ഇലക്ട്രോണിക് ഉപകരണങ്ങളും നിങ്ങളുടെ അനുവാദമില്ലാതെ പരിശോധിക്കാൻ കഴിയും. കൂടാതെ CBP ഉദ്യോഗസ്ഥർക്ക് നിങ്ങളോട് ഏത് ചോദ്യവും ചോദിക്കാൻ കഴിയും എന്നും നോളൊ പറയുന്നു. യാത്രക്കാർക്ക് നിശബ്ദത പാലിക്കാനും, പരിശോധന നിരസിക്കാനുള്ള അവകാശമുണ്ട്. എന്നാൽ ഉത്തരം നല്കാതിരിക്കുകയോ,പരിശോധന നിഷേധിക്കുകയോ ചെയ്താൽ ഒരാൾക്ക് പ്രവേശനം നിഷേധിക്കപ്പെടാൻ സാധ്യതയുണ്ട്. അതിർത്തിയിൽ നിന്ന് സ്വയം പിൻവാങ്ങാനുള്ള അവകാശവുമുണ്ട് എന്നും ലേഖനത്തിലുണ്ട്