ടൊറൻ്റോയിലെ എല്ലാ സിനഗോഗുകളിലും ബോംബ് വയ്ക്കുമെന്നും കഴിയുന്നത്ര ജൂതന്മാരെ കൊല്ലുമെന്നും ഭീഷണി മുഴക്കിയ ആൾക്കെതിരെ രണ്ട് ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയതായി റിപ്പോർട്ട് . 2024 മാർച്ച് 4 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വടക്കൻ ടൊറന്റോയിലെ ഒരു ഷവർമ കടയുടെ ഉടമയായ വൈസുദ്ദീൻ അക്ബരിയാണ് കേസിലെ പ്രതി. താൻ ഒരു ആത്മഹത്യാ ദൗത്യം ആസൂത്രണം ചെയ്യുന്നതായി ഇയാൾ ഒരു സാക്ഷിയോട് പറഞ്ഞതായി തെളിഞ്ഞിട്ടുണ്ട്. ടൊറന്റോയിലെ എല്ലാ സിനഗോഗുകളിലും ബോംബ് സ്ഥാപിച്ച് ജൂതന്മാരെ കൊല്ലാൻ പോകുകയാണെന്നും ഇയാൾ സാക്ഷിയോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ആക്രമണങ്ങൾ ചിത്രീകരിച്ച് ഓൺലൈനിൽ പോസ്റ്റ് ചെയ്യുക വഴി താൻ എന്താണ് ചെയ്തതെന്ന് ലോകത്തിന് കാണാൻ കഴിയും എന്നും 42 കാരനായ ഇയാൾ പറഞ്ഞതായി കോടതി രേഖകളിലുണ്ട്. പലസ്തീനികൾ ഒരു വംശഹത്യയുടെ ഇരകളാണെന്നും , അതിന് പ്രതികാരമായി ഇസ്രായേൽ രാഷ്ട്രത്തെയും ജൂത ജനതയെയും വംശഹത്യയ്ക്ക് വിധേയമാക്കണമെന്നും ആണ് അക്ബരി കരുതിയിരുന്നതെന്നും കോടതി പറയുന്നു. വധഭീഷണി, സ്വത്ത് നാശനഷ്ടങ്ങൾ എന്നിവയ്ക്ക് നവംബർ ഒന്നിനാണ് ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. എന്നാൽ അക്ബരി കുറ്റം നിഷേധിച്ചിരുന്നു. സാക്ഷി നുണ പറയുകയാണെന്നും ഒരു സിനഗോഗ് എന്താണെന്ന് പോലും തനിക്ക് അറിയില്ലെന്നും ഇയാൾ പറഞ്ഞതായി ഗ്ലോബൽ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അക്ബരിക്കെതിരെ ചുമത്തിയ കുറ്റം കുറഞ്ഞുപോയെന്നും കനത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ജൂത അഭിഭാഷക സംഘടന രംഗത്തത്തിയിരുന്നു.