ഫെഡറല്‍ സര്‍ക്കാരിന്റെ സബ്‌സിഡി പദ്ധതി പ്രകാരം ഇലക്ട്രിക് വാഹന നിര്‍മാണ ഭീമന്‍ ടെസ്‌ലയ്ക്ക് നല്‍കുന്ന റിബേറ്റ് പേയ്‌മെന്റുകള്‍ കനേഡിയന്‍ സര്‍ക്കാര്‍ മരവിപ്പിച്ചു. കാനഡയ്‌ക്കെതിരായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണി പിന്‍വലിക്കുന്നത് വരെ മറ്റ് ഭാവിപദ്ധതികളുടെ റിബേറ്റുകളില്‍ നിന്ന് കമ്പനിയെ വിലക്കിയതായും ഗതാഗത മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് അറിയിച്ചു. പ്രോഗ്രാമിന്റെ അവസാന ദിവസങ്ങളില്‍ ടെസ്ല വന്‍തോതില്‍ റിബേറ്റ് ക്ലെയിമുകള്‍ ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
ആയിരക്കണക്കിന് ക്ലെയിമുകള്‍ വന്നതോടെ, ഇത് ഒരു ദിവസം ഓരോ മിനിറ്റിലും രണ്ട് കാറുകള്‍ വില്‍ക്കുന്നതിന് തുല്യമാണെന്നും ഇത്തരം ക്ലെയിമുകളുടെ കുതിച്ചുചാട്ടം ക്ലെയിമുകളുടെ നിയമസാധുതയെയും പ്രോഗ്രാമിന്റെ ഫണ്ടിംഗിനെയും കുറിച്ചുള്ള ആശങ്കകള്‍ക്ക് കാരണമായതായും മന്ത്രി വ്യക്തമാക്കി. പ്രോഗ്രാം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ജനുവരിയില്‍ 72 മണിക്കൂറിനുള്ളില്‍ ടെസ്ല 8,653 റിബേറ്റ് ക്ലെയിമുകളാണ് ഫയല്‍ ചെയ്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.