സൗദിയിലെ അമേരിക്കൻ ചർച്ചയിൽ ലോകം കാത്തിരുന്ന വാർത്ത! റഷ്യയും യുക്രൈനും തമ്മിൽ കരിങ്കടലിൽ വെടിനിർത്തലിന് ധാരണ

By: 600007 On: Mar 25, 2025, 7:31 PM

 

റിയാദ്: റഷ്യ -  യുക്രൈൻ യുദ്ധം തുടങ്ങിയ കാലം മുതൽ ലോകം കാത്തിരുന്ന വാർത്ത ഇതാ എത്തി. റഷ്യയും യുക്രൈനും തമ്മിൽ കരിങ്കടലിൽ വെടിനിർത്തലിന് ധാരണയായി. കരിങ്കടൽ വഴി പോകുന്ന കപ്പലുകൾ ഇരുരാജ്യങ്ങളും ആക്രമിക്കില്ല എന്ന ധാരണക്ക് റഷ്യയും യുക്രൈനും സമ്മതിച്ചു. ധാരണ നിലവിൽ വരും മുൻപ് ചില ഉപരോധങ്ങൾ പിൻവലിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ധാരണ അനുസരിക്കാൻ യുക്രൈൻ പ്രസിഡന്‍റ് വ്ലാഡ്മിർ സെലൻസ്കിയോട് അമേരിക്ക നിർദേശിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രൈന് ഇനി കരിങ്കടൽ വഴി ധാന്യ കയറ്റുമതിക്ക് തടസ്സമില്ലെന്നും ധാരണയായിട്ടുണ്ട്. സൗദി അറേബ്യയിൽ അമേരിക്കയുടെ നേതൃത്വത്തിൽ റഷ്യയും യുക്രൈനുമായി നടത്തിയ ചർച്ചയിലാണ് ധാരണ യാഥാർത്ഥ്യമായത്. ഊർജോത്പാദന കേന്ദ്രങ്ങൾ ഇരു രാജ്യങ്ങളും ആക്രമിക്കില്ല എന്നും ധാരണയിലുണ്ട്.